ജർമ്മൻ വാഹന നിർമാതാക്കളായ ഔഡിയുടെ കാറുകൾ വൻ വിലക്കുറവിൽ. കോംപാക്റ്റ് സെഡാനായ എ3 മുതൽ ലക്ഷ്വറി സെലൂണായ എ8 വരെയുള്ള വിവിധ മോഡലുകളിലായി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജൂൺ 30 വരെയാണ് വിലക്കുറവ് ലഭ്യമാകുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. എത്ര രൂപവരെ കുറയും എന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 50000 രൂപ മുതൽ 10 ലക്ഷം രൂപവരെയാണ് ഓഫറുകൾ ലഭിക്കുന്നതെന്നാണ് ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
ഔഡിയുടെ കോംപാക്റ്റ് സെഡാനായ എ3ക്ക് 50000 രൂപമുതൽ 1.5 ലക്ഷം രൂപവരെയും എ8ന് 10 ലക്ഷം രൂപവരെയും ഓഫറുകൾ നൽകുന്നുണ്ടെന്നാണ് ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. നേരത്തെ ബിഎംഡബ്ല്യു 12% വരെ ആനുകൂല്യം വിലയിൽ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ പലിശനിരക്ക്, സൗജന്യ സർവീസ് പാക്കേജ് തുടങ്ങിയവയുമുണ്ട്.
കൂടാതെ മെഴ്സഡീസ് ബെൻസും തങ്ങളുടെ കാറുകളുടെ വില കുറച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ബെൻസ് ഇന്ത്യയിൽ നിർമിക്കുന്ന ഒൻപതു മോഡലുകൾക്കാണ് വിലയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൽഎയ്ക്ക് 1.4 ലക്ഷം രൂപ ഇളവ് കിട്ടുമ്പോൾ മേബാക് എസ് 500 മോഡലിന് ഏഴു ലക്ഷം രൂപയാണ് വിലക്കുറവ്.
ജൂലൈയിൽ ജിഎസ്ടി നടപ്പാകുമ്പോൾ ആഡംബര കാറുകൾക്കു നികുതിഭാരം കുറയുമെന്നു വ്യക്തമായതോടെ നിർമാതാക്കൾ വിലക്കുറവ് ്പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾ കാർ വാങ്ങാൻ ജൂലൈ ഒന്നുവരെ കാത്തിരിക്കാനുള്ള സാധ്യത മനസിലാക്കിയാണ് വിലയിൽ വൻ കുറവ് വരുത്തുന്നത്.