ഇന്ത്യൻ നാവികസേനയുടെ അഭിമാനം തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് 2020ൽ നീറ്റിലിറങ്ങും. 2019 ൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന വിക്രാന്ത് 2020 നീറ്റില്‍ ഇറക്കുമെന്ന് നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ അറിയിച്ചത്. എഫ് ഐ സി സി.ഐ സംഘടിപ്പിച്ച ‘ബില്‍ഡിങ്ങ് ഇന്ത്യ ഫ്യൂച്ചര്‍ നേവി ടെക്‌നോളജി ഇംപരേറ്റീവ്‌സ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 262 മീറ്റർ നീളമുള്ള കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയർക്രാഫ്റ്റുകളും വഹിക്കാൻ ഐഎൻഎസ് വിക്രാന്തിന് പറ്റും.
കൊച്ചി കപ്പൽ ശാലയിൽ നിർമിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യൻ സാങ്കേതിക വിദ്യകളെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് (ഭെൽ). കപ്പലുകളുടെയും അന്തർവാഹിനികളുടെയും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവർ മാനേജ്മെന്റ് സംവിധാനവും ഉൾപ്പെടുന്ന ഐപിഎംഎസ് ആണു ഐഎൻഎസ് വിക്രാന്തിനു വേണ്ടി ബെൽ തയാറാക്കുന്നത്.
2009 ഫെബ്രുവരി 28നാണു ഐഎൻഎസ് വിക്രാന്തിന്റെ നിർമാണജോലികൾ കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികൾ പൂർത്തിയായതോടെ കഴിഞ്ഞ ജൂണിൽ കപ്പൽ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുൾപ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തിൽ കടലിലെ പരീക്ഷണങ്ങൾക്കു വേണ്ടി കപ്പൽ മാറ്റുക. അടുത്ത വർഷം കടലിലെ പരീക്ഷണ സഞ്ചാരത്തിനു കപ്പൽ തയാറാകുമെന്നും 2020 ൽ നാവികസേനയ്ക്കു കൈമാറുമെന്നുമാണു സൂചന.