Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ആർ ആൻഡ് ഡി വിപുലമാക്കാൻ റോൾസ് റോയ്സ്

rolls-royce-logo Rolls Royce

ഇന്ത്യയിലെ ഗവേഷണ, വികസന (ആർ ആൻഡ് ഡി) കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർഷാവസാനത്തോടെ മൂന്നിരട്ടിയായി ഉയർത്താൻ റോൾസ് റോയ്സ്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട് അപ്പുകളിൽ നിക്ഷേപത്തിനും റോൾസ് റോയ്സിനു പദ്ധതിയുണ്ട്. പവർ — പ്രൊപ്പൽഷൻ സംവിധാനങ്ങൾക്കു പുറമെ ഗതാഗത, പ്രതിരോധ ഉപയോഗത്തിനുള്ള വിമാനങ്ങളുടെയും ജലയാനങ്ങളുടെയും ന്യൂക്ലിയർ അന്തർവാഹിനികളുടെയും ഉന്നത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളുടെയുമൊക്കെ നിർമാതാക്കളുമാണു റോൾസ് റോയ്സ്.

‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റോൾസ് റോയ്സ് ഡയറക്ടർ ബെഞ്ചമിൻ റോബർട്ട് സ്റ്റോറിയും റോൾസ് റോയ്സ് ഇന്ത്യ പ്രസിഡന്റ് കിഷോർ ജയരാമനും കേന്ദ്ര ഐ ടി മന്ത്രി രവി ശങ്കർ പ്രസാദിനെ സന്ദർശിച്ചു ചർച്ചയും നടത്തി.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ആർ ആൻഡ് ഡി കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ഡിസംബറിനകം മൂന്നിരട്ടിയാക്കാനാണു റോൾസ് റോയ്സിന്റെ തീരുമാനം. സ്റ്റാർട് അപ് കമ്പനികൾ ആവിഷ്കരിക്കുന്ന പുതുമകളും ഇന്ത്യൻ ജീവനക്കാരുടെ പ്രകടനമികവുമാണു റോൾസ് റോയ്സിന്റെ തീരുമാനത്തെ സ്വാധീനിച്ചത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ടെക്നോളജി, ഡാറ്റ അനലിറ്റിക്സ് വിഭാഗങ്ങളിലെ സ്റ്റാർട് അപ്പുകളിൽ നിക്ഷേപത്തിനും കമ്പനി ഒരുങ്ങുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ‘ഡിജിറ്റൽ ഇന്ത്യ’യിലും കമ്പനി താൽപര്യം പ്രകടിപ്പിക്കുന്നത്.

എട്ടു പതിറ്റാണ്ടു മുമ്പാണു റോൾസ് റോയ്സ് ഇന്ത്യയിൽ പ്രവേശിച്ചത്; ടാറ്റ ഏവിയേഷന്റെ ആദ്യ വിമാനത്തിനു കരുത്തു പകർന്നത് റോൾസ് റോയ്സ് എൻജിനാണ്. ഇന്ന് നാവികസേനയും തീരസംരക്ഷണ സേനയും ഉപയോഗിക്കുന്ന 240 കപ്പലുകൾക്ക് കരുത്തേകുന്നതും റോൾസ് റോയ്സ് തന്നെ.