സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യ പരീക്ഷിക്കാനായി ഹെർട്സ് ഗ്ലോബൽ ഹോൾഡിങ്സിൽ നിന്നു കാറുകൾ പാട്ടത്തിനെടുക്കാൻ ആപ്പിൾ ഇൻകോർപറേറ്റഡ് ഒരുങ്ങുന്നു. .ഇതു സംബന്ധിച്ച പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹെർട്സിന്റെ ഓഹരി വില ഉയർന്നപ്പോൾ ആപ്പിളിനെ കാത്തിരുന്നതു വിലയിടിവാണ്.
ഹെർട്സിന്റെ ഡോൺലെൻ ഫ്ളീറ്റ് മാനേജ്മെന്റ് യൂണിറ്റിൽ നിന്നു ‘ലക്സസ് ആർ എക്സ് 450 എച്ച്’ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളാണ് ആപ്പിൾ കടമെടുക്കുന്നത്. കലിഫോണിയയിലെ ഗതാഗത വകുപ്പിന് ഇതു സംബന്ധിച്ച രേഖകൾ കമ്പനികൾ കൈമാറിയതായാണു സൂചന. എന്നാൽ പരീക്ഷണ ഓട്ടം ലക്ഷ്യമിട്ടുള്ള കാർ കൈമാറ്റം സംബന്ധിച്ച വാർത്തകളോടു പ്രതികരിക്കാൻ ഹെർട്സോ ആപ്പിളോ തയാറായിട്ടില്ല.
സ്വയം ഓടുന്ന കാറുകൾക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധയൂന്നുന്നുണ്ടെന്ന് ഈ മാസം ആദ്യമാണ് ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് വെളിപ്പെടുത്തിയത്. സ്വയം ഓടുന്ന കാർ വികസിപ്പിക്കാനായി ആൽഫബെറ്റ് ഇൻകോർപറേറ്റഡ് സ്ഥാപിച്ച വെയ്മോയും കാർ വാടകയ്ക്കു നൽകുന്ന കമ്പനിയായ എവിസ് ബജറ്റ് ഗ്രൂപ് ഇൻകോർപറേറ്റഡുമായി സമാന സഖ്യം രൂപീകരിച്ചിട്ടുണ്ട്. എവിസിന്റെ സ്വയം ഓടുന്ന കാറുകൾക്ക് ആവശ്യമായ പിന്തുണയും പരിപാലനവുമാണ് വെയ്മോയുടെ വാഗ്ദാനം.