രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ വൈസ് പ്രസിഡന്റായി രാജൻ വധേര നിയമിതനായി. ടാറ്റ മോട്ടോഴ്സിൽ രവി പിഷാരടി രാജിവച്ചതോടെ ഒഴിവു വന്ന ‘സയാം’ ഉപാധ്യക്ഷ പദത്തിലേക്ക് ജൂൺ 27 മുതൽ പ്രാബല്യത്തോടെയാണു വധേരയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും ഗ്രൂപ് എക്സിക്യൂട്ടീവ് ബോർഡ് അംഗവുമാണു വധേര.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ കരുത്തുറ്റ സ്തംഭമായി തുടാരൻ ഇന്ത്യൻ വാഹന വ്യവസായത്തിനു സാധിക്കുമെന്നു പുതിയ ചുമതല ഏറ്റെടുത്ത രാജൻ വധേര പ്രതീക്ഷ പ്രകടിപ്പിച്ചു. സുസ്ഥിര ഗതാഗത സംവിധാനങ്ങൾ ലഭ്യമാക്കി സമൂഹത്തെ സഹായിക്കാൻ ‘സയാം’ തുടർന്നു പ്രയത്നിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പുതിയ പദവി അഭിമാനാർഹമാണെന്നും വ്യവസായത്തിന്റെ വളർച്ചയ്ക്കായി സർക്കാരുമായും മറ്റു പങ്കാളികളുമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും വധേര വ്യക്തമാക്കി.
രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളെയും എൻജിൻ നിർമാതാക്കളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണു ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ‘സയാം’; ലാഭേച്ഛ കൂടാതെയാണു ‘സയാ’മിന്റെ പ്രവർത്തനം.