ജീവൻ രക്ഷാ വാഹനങ്ങളായ ആംബുലൻസുകൾക്കുള്ള അധിക സെസ് പിൻവലിക്കണമെന്ന് വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാം’. 13 പേർക്കു വരെ സഞ്ചരിക്കാവുന്ന ആംബുലൻസുകളുടെ ചരക്ക്, സേവന നികുതി(ജി എസ് ടി) നിരക്ക് 28 ശതമാനമായി കുറയ്ക്കണമെന്നും അധിക സെസ് ഒഴിവാക്കണമെന്നുമാണ് ‘സയാ’മിന്റെ ആവശ്യം.
ജി എസ് ടി പ്രാബല്യത്തിലെത്തുംമുമ്പ് ആംബുലൻസുകൾക്ക് എക്സൈസ് ഡ്യൂട്ടിയിൽ ഇളവ് ബാധകമായിരുന്നു. എന്നാൽ ജി എസ് ടി നിലവിൽ വന്നതോടെ കേന്ദ്ര ധനമന്ത്രാലയം സെസ് നിരക്കിലെ ഇളവ് ഒൻപതു പേരെ വരെ കയറ്റാവുന്ന ആംബുലൻസുകൾക്കായി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെ ഡ്രൈവറടക്കം 10 മുതൽ 13 പേരെ വരെ കയറ്റാവുന്ന ആംബുലൻസുകളുടെ നികുതി നിരക്ക് 28% ജി എസ് ടിയും 15% അധിക സെസുമായി.
ജി എസ് ടി നടപ്പായതോടെ 10 — 13 സീറ്റുള്ള ആംബുലൻസുകൾക്കുള്ള അധിക സെസ് തുടരുകയാണെന്ന് ‘സയാം’ ഡപ്യൂട്ടി ഡയറക്ടർ സുഗതൊ സെൻ ചുണ്ടിക്കാട്ടി. ഒൻപതു സീറ്റ് വരെയുള്ള ആംബുലൻസുകൾക്കാവട്ടെ ഈ അധിക സെസ് ഒഴിവാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഈ അപാകം ഒഴിവാക്കേണ്ടതുണ്ടെന്ന് സെൻ അഭിപ്രായപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണയ്ക്ക് ആവശ്യമായ യന്ത്രങ്ങളും സംവിധാനങ്ങളും സജ്ജീകരിക്കാൻ വലിയ ആംബുലൻസ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ ആംബുലൻസുകൾക്ക് അധിക സെസ് നിലനിർത്തിയത് ഇത്തരം വാഹനങ്ങളുടെ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിനും ഫോഴ്സ് മോട്ടോഴ്സിനുമൊക്കെ തിരിച്ചടി സൃഷ്ടിച്ചിരുന്നു. നികുതി നിരക്ക് ഉയർന്നതോടെ ഇത്തരം ആംബുലൻസുകളുടെ വിൽപ്പനയും ഇടിഞ്ഞു. ഇതോടൊപ്പം ആംബുലൻസുകളുടെ സെസ് നിരക്കിലെ ആനുകൂല്യം ഫാക്ടറി ഫിറ്റഡ് മോഡലുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയതിനെയും സെൻ ചോദ്യം ചെയ്തു. നിർമാണശാലയ്ക്കു പുറത്താണു പലപ്പോഴും ആംബുലൻസിലെ സജ്ജീകരണങ്ങൾ ഘടിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ ശരിയല്ലെന്നുമാണ് സെന്നിന്റെ പക്ഷം.