എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്രത്യേക പതിപ്പുമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ. രണ്ടു നിറങ്ങളിൽ വിൽപ്നയ്ക്കുള്ള ‘ആനിവേഴ്സറി എഡീഷൻ ക്വിഡി’ന് 3.43 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില; അടിസ്ഥാന മോഡലിനെ അപേക്ഷിച്ച് 15,000 രൂപ അധികം.
സാങ്കേതികവിഭാഗത്തിൽ മാറ്റമില്ലാതെ, കാഴ്ചയിലെ വ്യത്യാസങ്ങൾ മാത്രമാണ് ചുവപ്പ്, വെളുപ്പ് നിറങ്ങളിൽ വിപണിയിലുള്ള ‘ആനിവേഴ്സറി എഡീഷൻ ക്വിഡി’ന് അവകാശപ്പെടാനുള്ളത്. ചുവപ്പ് നിറമുള്ള കാറിൽ ഹൈലൈറ്റ്സ് വെളുപ്പിലാണ്; കാറിന്റെ നിറം വെളുപ്പെങ്കിൽ ഹൈലൈറ്റ്സ് ചുവപ്പിലും. ഔട്ടർ റിയർവ്യൂ മിറർ, വീൽ ക്യാപ്, മുൻ — പിൻ സ്കിഡ് പ്ലേറ്റുകൾക്കാണ് ഹൈലൈറ്റ് ലഭിക്കുക. കാർ നിരത്തിലെത്തിയതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനാൽ ബോണറ്റ്, സൈഡ് സ്കർട്ട് തുടങ്ങിയവയിൽ ‘02’ എന്ന മുദ്രയും പതിച്ചിട്ടുണ്ട്.
അകത്തളത്തിലാവട്ടെ പുത്തൻ അപ്ഹോൾസ്ട്രിയും ഫ്ളോർ മാറ്റുകളും ഇടംപിടിക്കുന്നുണ്ട്. അക്സന്റഡ് സ്റ്റീയറിങ് വീൽ, ഇരട്ട വർണ ഗീയർ നോബ് എന്നിവയുമുണ്ട്. സാധാരണ ‘ക്വിഡി’ലെ പോലെ ഏഴ് ഇഞ്ച് നാവിഗേഷൻ — ടച് സ്ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വൺ ടച് ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, സ്പീഡ് അടിസ്ഥാനമാക്കുന്ന വോള്യം കൺട്രോൾ എന്നിവയൊക്കെ ഈ പരിമിതകാല പതിപ്പിലുമുണ്ട്.
അതേസമയം കാറിനു കരുത്തേകുന്നത് സാധാരണ ‘ക്വിഡി’ലെ 800 സി സി, ഒരു ലീറ്റർ പെട്രോൾ എൻജിനുകളാവും; 54 പി എസ് വരെയും 68 പി എസ് വരെയുമാണ് ഈ എൻജിനുകൾ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘ആർ എക്സ് ടി’, ‘ആർ എക്സ് എൽ’ വകഭേദങ്ങൾ ആധാരമാക്കിയാണു റെനോ ‘ആനിവേഴ്സറി എഡീഷൻ ക്വിഡ്’ യാഥാർഥ്യമാക്കുന്നത്.
‘ആനിവേഴ്സറി എഡീഷൻ ക്വിഡി’ന്റെ വിവിധ വകഭേദങ്ങളുടെ വില(ഡൽഹി ഷോറൂം, ലക്ഷം രൂപയിൽ): 0.8 ലീറ്റർ ‘ആർ എക്സ് എൽ’ — 3.43, ‘ആർ എക്സ് ടി’ — 3.76, ഒരു ലീറ്റർ ‘ആർ എക്സ് ടി’, — 3.64, ‘ആർ എക്സ് എൽ’ — 3.98. ഈ പുതിയ പരിമിതകാല പതിപ്പ് എത്രകാലം വിൽപ്പനയിൽ തുടരുമെന്നു റെനോ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ റെനോയുടെ തലവിധി മാറ്റിയെഴുതിയ മോഡലെങ്കിലും അടുത്ത കാലത്തായി ‘ക്വിഡി’ന്റെ വിൽപ്പനയിൽ ഇടിവു നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിവാണം ഉത്സവകാല വിൽപ്പന കൂടി ലക്ഷ്യമിട്ട് റെനോ ‘ആനിവേഴ്സറി എഡീഷൻ ക്വിഡി’നെ പടയ്ക്കിറക്കിയത്.