‘സെസ്’ വർധനയിൽ പ്രതിഷേധത്തോടെ ‘സയാം’

BMW 5 Series

ആഡംബര വാഹനങ്ങളുടെയും വലിയ കാറുകളുടെയും സെസ് നിരക്ക് ഉയർത്താനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി (സയാം) രംഗത്ത്. ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രകാരം വാഹനങ്ങൾക്കുള്ള സ്റ്റേറ്റ് കോംപൻസേഷൻ സെസ് പരിധി നിലവിലുള്ള 15 ശതമാനത്തിൽ നിന്ന് 25% ആയി ഉയർത്താനാണു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. ഇതിനായി ഓർഡിനൻസ് ഇറക്കാനുള്ള നിർദേശത്തിനും അംഗീകാരം ലഭിച്ചു. 

‘സെസ്’ പരിധി ഉയർത്താനുള്ള ഈ നീക്കത്തെയാണു ‘സയാം’ എതിർക്കുന്നത്; തീരുമാനം പുനഃപരിശോധിക്കണമെന്നാണു സൊസൈറ്റിയുടെ ആവശ്യം. വാഹന വില വർധനയ്ക്കു വഴി വയ്ക്കുന്ന ഈ തീരുമാനം ദൗർഭാഗ്യകരമാണെന്നും സംഘടന വിലയിരുത്തുന്നു. ‘സെസ്’ പരിധി ഉയർത്താൻ ഓർഡിനൻസിനെ ആശ്രയിക്കുന്നത് വിവിധ വിഭാഗം വാഹനങ്ങളുടെ നികുതിഭാരം വർധിപ്പിക്കുമെന്നും ‘സയാം’ ആരോപിച്ചു. ജി എസ് ടി നടപ്പാവുന്നതിനു മുമ്പുള്ളതിനെ അപേക്ഷിച്ച് നികുതി ബാധ്യത ഉയരുന്നതു വാഹന വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുമെന്ന ആശങ്കയും ‘സയാം’ രേഖപ്പെടുത്തി.

വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോൾ കേന്ദ്ര സർക്കാർ ഇരട്ടത്താപ്പാണു സ്വീകരിക്കുന്നതെന്നും ‘സയാം’ കുറ്റപ്പെടുത്തി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കു ഗണ്യമായ സംഭാവന നൽകുന്ന വ്യവസായ മേഖലയായി വാഹന നിർമാണത്തെ പരിഗണിക്കുന്നതിനോടൊപ്പം തന്നെ ഈ രംഗത്തിനു തിരിച്ചടി സൃഷ്ടിക്കുന്ന തീരുമാനങ്ങളും സ്വീകരിക്കുന്നു. ജി എസ് ടി നടപ്പാവും വരെ 24 മുതൽ 27% വരെ നികുതി ബാധകമായിരുന്ന വാഹനങ്ങൾക്കാണ് പുതിയ തീരുമാനത്തോടെ അതിലും ഉയർന്ന നിരക്കുകൾ നടപ്പാവുന്നത്. ജി എസ് ടി നടപ്പായതോടെ ചില വിഭാഗം വാഹനങ്ങളുടെ നികുതി ബാധ്യത 10% വരെ വർധിച്ചതായും ‘സയാം’ കുറ്റപ്പെടുത്തി.

ഉയർന്ന നിരക്കിലുള്ള നികുതി ഒഴിവാക്കാനെന്ന പേരിൽ ജി എസ് ടി നടപ്പാക്കിയ സാഹചര്യത്തിൽ ‘സെസ്’ എന്നും നഷ്ടപരിഹാരമെന്നുമൊക്കെയുള്ള പേരിൽ നിരക്കുകൾ ഉയർത്തുന്നത് പുനഃപരിശോധിക്കണമെന്നും ‘സയാം’ സർക്കാരിനോടും ജി എസ് ടി സമിതിയോടും ആവശ്യപ്പെട്ടു.   ജി എസ് ടി നിലവിൽ വരുമ്പോൾ ലഭിക്കുന്ന നിരക്ക് ഇളവ് മുൻനിർത്തി രാജ്യത്തെ വാഹന നിർമാതാക്കൾ വിവിധ മോഡലുകളുടെ വിലയിൽ ഏഴു ലക്ഷം രൂപയുടെ വരെ ഇളവ് അനുവദിച്ചിരുന്നു.