Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: പെട്രോൾ ‘സിയാസ്’, ‘എസ് ക്രോസ്’ വിലയേറി

Maruti Suzuki S-Cross

ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്കുകൾ പരിഷ്കരിച്ച സാഹചര്യത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സെഡാനായ ‘സിയാസി’ന്റെ പെട്രോൾ പതിപ്പിനും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എസ് ക്രോസി’നും വിലയേറും. വലിയ കാറുകൾക്കും എസ് യു വികൾക്കും സെസ് നിരക്ക് ഉയർന്നതോടെയാണു ‘നെക്സ’ ഷോറൂം ശൃംഖല വഴി വിൽപ്പനയ്ക്കെത്തുന്ന ‘സിയാസി’നും ‘എസ് ക്രോസി’നും വില ഉയരുന്നത്.

സാധാരണ ഗതിയിൽ കാറുകൾക്ക് 28% ജി എസ് ടിയും 15% അധിക സെസുമാണ് ഈടാക്കിയിരുന്നത്. എന്നാൽ വലിയ കാറുകൾ, എസ് യു വികൾ, ആഡംബര കാറുകൾ എന്നിവയ്ക്ക് അധിക സെസ് ഈടാക്കാനുള്ള ജി എസ് ടി കൗൺസിൽ ശുപാർശ കേന്ദ്ര സർക്കാർ സ്വീകരിക്കുകയായിരുന്നു.

വലിയ കാറുകൾക്കും എസ് യു വികൾക്കും ആഡംബര വാഹനങ്ങൾക്കുമെല്ലാമുള്ള സെസ് ഇപ്രകാരം ഉയർത്തിയതോടെ ഇന്ത്യയിൽ നാലു മീറ്ററിലേറെ നീളമുള്ള വാഹനങ്ങൾക്കെല്ലാം വിലയേറുന്ന സാഹചര്യമാണ്. ഹ്യുണ്ടേയ്, ഹോണ്ട, ടൊയോട്ട, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ തുടങ്ങിയ നിർമാതാക്കളൊക്കെ വാഹനവില വർധന പ്രഖ്യാപിക്കുകയും ചെയ്തു.

പെട്രോൾ എൻജിനുള്ള ‘സിയാസി’ന്റെ വിലയിൽ രണ്ടു ശതമാനം വർധനയാണു നടപ്പാവുക; ഇതോടെ കാറിന്റെ വില 20,000 മുതൽ 25,000 രൂപ വരെ ഉയരുമെന്നാണു പ്രതീക്ഷ. എസ് യു വിയായതിനാൽ ‘എസ് ക്രോസി’ന്റെ സെസ് നിരക്ക് ഏഴു ശതമാനമാണ് ഉയരുന്നത്; ഇതോടെ വാഹന വിലയിൽ 40,000 മുതൽ 60,000 രൂപയുടെ വരെ വർധന പ്രതീക്ഷിക്കാം.

അതേസമയം ഡീസൽ ‘സിയാസി’ലെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി(അഥവാ എസ് എച്ച് വി എസ്) സാങ്കേതികവിദ്യ  കാറിനെ വിലക്കയറ്റത്തിൽ നിന്നു രക്ഷിച്ചെടുത്തിട്ടുണ്ട്. 

ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നികുതി നിർണയഘട്ടത്തിൽ ഡീസൽ ‘സിയാസ്’ സാധാരണ എൻജിനുള്ള കാറുകൾക്കൊപ്പമല്ല, മറിച്ച് സങ്കര ഇന്ധന വാഹനങ്ങൾക്കൊപ്പമാണ് ഇടംപിടിക്കുന്നത്. അതുകൊണ്ടുതന്ന ഹൈബ്രിഡ് മോഡലുകൾക്ക് ബാധകമായ 43% നികുതി(28% ജി എസ് ടിയും 15% സെസും) മാത്രമാവും ഡീസൽ ‘സിയാസി’ന് ഈടാക്കുക. 

സമാന സാങ്കേതികവിദ്യയുടെ സാന്നിധ്യമുള്ളതിനാൽ എം പി വിയായ ‘എർട്ടിഗ’യുടെ ഡീസൽ വകഭേദങ്ങളും പുതിയ നികുതി വർധനയിൽ നിന്നു രക്ഷപ്പെട്ടു; ഹൈബ്രിഡ് എന്ന പരിഗണനയിൽ 43% തന്നെയാണു കാറിന്റെ പുതുക്കിയ നികുതി. അതേസമയം, പെട്രോൾ എൻജിനുള്ള ‘എർട്ടിഗ’യുടെ നികുതി നിരക്ക് 45% ആയി ഉയരും.

അതേസമയം മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ‘ബലേനൊ’, ‘ഡിസയർ’, ‘സ്വിഫ്റ്റ്’, ‘വിറ്റാര ബ്രേസ’ തുടങ്ങിയവയെയും സെസ് നിരക്കിലെ പരിഷ്കാരം ബാധിച്ചിട്ടില്ല.