കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമായി സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എസ് ക്രോസ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിൽപ്പനയ്ക്കെത്തിച്ചു. പിന്നിൽ പാർക്കിങ് സെൻസർ, സ്പീഡ് അലെർട്ട് സംവിധാനം, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ ഇപ്പോൾ ‘എസ് ക്രോസി’ന്റെ എല്ലാ വകഭേദത്തിലും ലഭ്യമാണ്. ഇതോടെ ‘എസ് ക്രോസി’ന്റെ വിവിധ പതിപ്പുകളുടെ വിലയിലും മാറ്റമുണ്ട്.
പരിഷ്കാരത്തോടെ ഇടത്തരം വകഭേദമായ ‘ഡെൽറ്റ’യിലും അധിക സൗകര്യങ്ങളായി; പുഷ്ബട്ടൻ സ്റ്റാർട് സഹിതം സ്മാർട് കീ സംവിധാനം(മുമ്പ് മുന്തിയ പതിപ്പായ ‘സീറ്റ’യിലും ‘ആൽഫ’യിലുമാണ് ഇതു ലഭ്യമായിരുന്നത്), ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, റിയർ വാഷ് — വൈപ്പർ, ടേൺ ഇൻഡിക്കേറ്റർ സഹിതം സ്വയം മടങ്ങുന്ന മിറർ തുടങ്ങിയവയൊക്കെ ഈ പതിപ്പിലുണ്ട്.
അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എസ് ക്രോസി’ന്റെ വരവ്; കാറിനു കരുത്തേകുന്നത് 1.3 ലീറ്ററ് ഡീസൽ എൻജിനാണ്. 90 ബി എച്ച് പിയോളം കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. ഹ്യുണ്ടേയ് ‘ക്രേറ്റ’, റെനോ ‘ക്യാപ്ചർ’, മഹീന്ദ്ര ‘എക്സ് യു വി 500’ തുടങ്ങിയവയോടാണ് ‘എസ് ക്രോസി’ന്റെ മത്സരം.
‘എസ് ക്രോസ്’ വകഭേദങ്ങളുടെ പരിഷ്കരിച്ച വില(ലക്ഷം രൂപയിൽ; പഴയ വില ബ്രാക്കറ്റിൽ):
സിഗ്മ: 8.85 (8.61)/ഡെൽറ്റ: 9.97 (9.42)/സീറ്റ: 10.45 (9.98)/ആൽഫ: 11.45 (11.32).