കഴിഞ്ഞ മാസം വിപണിയിലെത്തിയ പരിഷ്കരിച്ച ‘എസ് ക്രോസി’നു മികച്ച സ്വീകാര്യത നേടാനായെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). നിരത്തിലെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ 11,000 ബുക്കിങ് നേടിയെടുത്ത കോംപാക്ട് എസ് യു വിയുടെ ഭാവി ശോഭനമാണെന്നും മാരുതി സുസുക്കി കരുതുന്നു. പുതിയ ‘എസ് ക്രോസി’ന്റെ വിൽപ്പനയാവട്ടെ ഇതിനോടകം തന്നെ 5,000 യൂണിറ്റ് പിന്നിട്ടിട്ടുമുണ്ട്.
‘എസ് ക്രോസി’നെ നവീകരിക്കാൻ സപ്ലയർമാരുമായി ചേർന്നു കഠിനയത്നമാണു മാരുതി സുസുക്കി നടത്തിയത്. പുതിയ മോഡൽ യാഥാർഥ്യമാക്കാൻ മൊത്തം 100 കോടിയോളം രൂപ മുടക്കാനും മാരുതി സുസുക്കിയും സപ്ലയർമാരും സന്നദ്ധമായി. പരിഷ്കരിച്ച ‘എസ് ക്രോസി’ൽ 95 ശതമാനത്തോളം യന്ത്രഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണെന്ന പ്രത്യേകതയുമുണ്ട്. അവതരണ വേളയിൽ വിപണിയുടെ ശ്രദ്ധ വേണ്ടത്ര ആകർഷിക്കാൻ ‘എസ് ക്രോസി’നു സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പോരായ്മകൾ പരിഹരിച്ച ‘എസ് ക്രോസി’ലൂടെ പ്രകടനം മെച്ചപ്പെടുത്താനാവുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ. പ്രീമിയം ഡീലർഷിപ് ശൃംഖലയായ ‘നെക്സ’യിലൂടെ വിൽപ്പനയ്ക്കെത്തിയ ആദ്യ മോഡലായിരുന്നു ‘എസ് ക്രോസ്’. എന്നാൽ പിന്നാലെയെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണ് ‘നെക്സ’യ്ക്കു മികച്ച വിൽപ്പന നേടിക്കൊടുത്തത്.
രൂപകൽപ്പനയിലെ മാറ്റങ്ങൾക്കൊപ്പം പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ചേർന്നതോടെ ‘എസ് ക്രോസി’ന്റെ മികവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. പുത്തൻ ക്രോം ഗ്രില്ലും പുതിയ ഡിസൈനിലുള്ള ഹെഡ്ലാംപുകളുമാണു നവീകരിച്ച ‘എസ് ക്രോസി’ന്റെ മുൻഭാഗത്തുള്ളത്. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ലൈറ്റുകൾ, വലിപ്പമേറിയ മുൻ ബംപർ, വീതിയേറിയ എയർഡാം, പരിഷ്കരിച്ച ഫോഗ് ലാംപ് തുടങ്ങിയവയും ‘എസ് ക്രോസി’ലുണ്ട്. സ്പോർട്ടി അലോയ് വീൽ, ടേൺ ഇൻഡിക്കേറ്റർ സഹിതം നവീകരിച്ച റിയർവ്യൂ മിറർ തുടങ്ങിവയും കാറിലുണ്ട്.
അകത്തളത്തിലാവട്ടെ പരിഷ്കരിച്ച ഡാഷ്ബോഡ്, പുത്തൻ അപ്ഹോൾസ്ട്രി, ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് തുടങ്ങിയവ സപ്പോർട്ട് ചെയ്യുന്ന ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം എന്നിവയുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, എ ബി എസ്, ഇ ബി ഡി, ഐസോഫിക്സ് ചൈൽ സീറ്റ് മൗണ്ട് തുടങ്ങിയവയും ഈ ‘എസ് ക്രോസി’ലുണ്ട്.
നിലവിൽ1.3 ലീറ്റർ ഡീസൽ എൻജിനോടെ മാത്രമാണു പുത്തൻ ‘എസ് ക്രോസ്’ വിപണിയിലുള്ളത്. സ്മാർട് ഹൈബ്രിഡ് ഫ്രം സുസുക്കി(എസ് എച്ച് വി എസ്) സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ ‘ഡി ഡി ഐ എസ് 200’ എൻജിന് പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.