Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുക്ക് ചെയ്യാം പുതിയ സിയാസ്‌

Ciaz S Ciaz S, Representative Image

ഇടത്തരം സെഡാനായ ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ്ങുകൾക്ക് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്വീകരിച്ചു തുടങ്ങി. 11,000 രൂപ അഡ്വാൻസ് നൽകി രാജ്യത്തെ 319 ‘നെക്സ’ ഷോറൂമുകൾ വഴിയും വെള്ളിയാഴ്ച മുതൽ പുതിയ ‘സിയാസ്’ ബുക്ക് ചെയ്യാനാവും. മിക്കവാറും ഈ 20ന് പുതിയ ‘സിയാസ്’ ഔപചാരികമായി അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

ധീരത തുടിക്കുന്ന രൂപകൽപ്പനയുടെ അകമ്പടിയോടെ എത്തുന്ന പുത്തൻ ‘സിയാസി’ന് ഇന്ത്യയിൽ ഹോണ്ട ‘സിറ്റി’യും ഹ്യുണ്ടേയ് ‘വെർണ’യും ടൊയോട്ട ‘യാരിസു’മൊക്കെയാണ് എതിരാളികൾ. കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം സാങ്കേതിക വിഭാഗത്തിലും കാര്യമായ പുതുമകളോടെയാണു പുത്തൻ ‘സിയാസി’ന്റെ വരവ്. ഡേടൈം റണ്ണിങ് ലാംപ് സഹിതം എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, പിന്നിൽ എൽ ഇ ഡി കോംബിനേഷൻ ലാംപ്, മുൻ ബംപർ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും ഈ ‘സിയാസി’ലുണ്ടാവും.

പുത്തൻ പെട്രോൾ എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പിൽ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും പരിഷ്കരിച്ച ‘സിയാസ്’. കാറിലെ പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 106 പി എസ് വരെ കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ ‘സിയാസി’ൽ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

പരിഷ്കരിച്ച ‘സിയാസി’ന്റെ ഡീസൽ പതിപ്പുകൾ ഒക്ടോബറോടെ എത്തുമെന്നാണു പ്രതീക്ഷ. ഫിയറ്റിൽ നിന്നുള്ള ലൈസൻസ് ഉപയോഗിച്ചു നിർമിക്കുന്ന 1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനാവും ഡീസൽ ‘സിയാസി’നു കരുത്തേകുക; പെട്രോൾ എൻജിനിലെ പോലെ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനിലുമുണ്ടാവും. 89 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.