ആഗോളതലത്തിൽതന്നെ വൈദ്യുത വാഹനങ്ങളോടുള്ള ആഭിമുഖ്യമേറുന്നതു മുതലെടുക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു തയാറെടുക്കുന്നു. 2025 ആകുമ്പോഴേക്കു 12 വൈദ്യുത കാറുകൾ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. അടുത്ത ആഴ്ച തുടങ്ങുന്ന ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയിൽ മലിനീകരണ വിമുക്തമായ, നാലു ഡോർ കാർ അനാവരണം ചെയ്യാനും ബി എം ഡബ്ല്യുവിനു പദ്ധതിയുണ്ട്.
ബി എം ഡബ്ല്യു ശ്രേണിയിൽ 2025 ആകുമ്പോഴേക്ക് 25 വൈദ്യുത വാഹനങ്ങൾ ഉണ്ടാകുമെന്നാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഹരാൾഡ് ക്രൂഗറുടെ ഉറപ്പ്; ഇതിൽ 12 എണ്ണം പൂർണമായും ബാറ്ററിയിൽ ഓടുന്നവയാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വൈദ്യുത കാറുകൾക്ക് ഓരോ ചാർജിങ്ങിലും 435 മൈൽ(ഏകദേശം 700 കിലോമീറ്റർ) പിന്നിടാൻ പ്രാപ്തിയുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നഗരവീഥികൾക്ക് അനുയോജ്യമായ കാറായ ‘ഐ ത്രീ’ക്കും സങ്കര ഇന്ധന സ്പോർട്സ് കാറായ ‘ഐ എയ്റ്റി’നുമിടയ്ക്ക് സ്ഥാനം പിടിക്കുന്ന വൈദ്യുത കാറാവും ബി എം ഡബ്ല്യു ഫ്രാങ്ക്ഫുർട് മേളയിൽ അവതരിപ്പിക്കുക. വിവിധ ബ്രാൻഡുകളിലും മോഡൽ ശ്രേണികളിലുമൊക്കെ വൈദ്യുത വാഹനങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണീ നടപടിയെന്നും ക്രൂഗർ വിശദീകരിക്കുന്നു. അത്യാഡംബര വാഹന ശ്രേണിയായ റോൾസ് റോയ്സിലും ബി എം ഡബ്ല്യു ‘എം’ വിഭാഗത്തിലുമൊക്കെ വൈദ്യുത മോഡലുകൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മലിനീകരണ വിമുക്തമായ മോഡലുകൾക്കുള്ള ആവശ്യം ഉയരുമെന്ന പ്രതീക്ഷയിൽ നിർമാണശാലകൾ പരിഷ്കരിക്കാനും ബി എം ഡബ്ല്യു കനത്ത നിക്ഷേപം നടത്തുന്നുണ്ട്. നിലവിലുള്ള വാഹനങ്ങളുടെ വൈദ്യുത വകഭേദങ്ങളും അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് 2020 ആകുന്നതോടെ എല്ലാത്തരം പവർട്രെയ്നുകളുമുള്ള വാഹനങ്ങളുടെ നിർമാണത്തിനു ശാലകളെ സജ്ജമാക്കാനാണു ബി എം ഡബ്ല്യുവിന്റെ നീക്കം.