ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ ഭാഗമായി വലിയ വാഹനങ്ങൾക്കെല്ലാം 25% അധിക സെസ് ചുമത്താനുള്ള നീക്കം പരിഷ്കരിച്ചതിൽ രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന് ആശ്വാസം. എല്ലാ വാഹനങ്ങൾക്കും ഒരേ നിരക്ക് ഈടാക്കുന്നതിനു പകരം വ്യത്യസ്ത സ്ലാബുകളിൽ ‘സെസ്’ ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമാണു രാജ്യത്തെ വാഹന നിർമാതാക്കൾക്ക് ആശ്വാസം പകർന്നത്.
പുതിയ സെസ് നടപ്പായതോടെ ഇടത്തരം കാറുകളുടെ നികുതി നിരക്ക് ജി എസ് ടി നിലവിൽ വരുന്നതിനു മുമ്പുള്ള തലത്തിൽ തിരിച്ചെത്തി. ആഡംബര കാറുകളുടെയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും നികുതി നിരക്കിലെ വർധനയാവട്ടെ ജി എസ് ടിക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ചു നേരിയ തോതിലുമാണ്. സങ്കര ഇന്ധന വാഹനങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതും ‘സയാ’മിനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ഹൈബ്രിഡ് കാറുകൾക്ക് വ്യത്യസ്ത നികുതി ഘടന വേണമെന്ന ‘സയാ’മിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തകിച്ചും സ്വാഗതാർഹമാണെന്നാണു സൊസൈറ്റിയുടെ നിലപാട്.
അതേസമയം 10 — 13 സീറ്റുള്ള വാഹനങ്ങളുടെ നികുതി നിർണയത്തിലെ അപാകത പൂർണമായും പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് ‘സയാ’മിനു പരാതിയുണ്ട്. ഇത്തരം വാഹനങ്ങൾ വ്യക്തിഗത ഉപയോഗത്തിനു പകരം പൊതുഗതാഗത മേഖലയുടെ ആവശ്യത്തിനുള്ളവയായതിനാൽ ഇവയുടെ ജി എസ് ടി നിരക്ക് 28% ആയി നിശ്ചയിക്കണമെന്നാണു ‘സയാ’മിന്റെ ആവശ്യം. ഇവയ്ക്ക് സെസ് ബാധകമാക്കരുതെന്നും ‘സയാം’ ആവശ്യപ്പെടുന്നു. നിലവിൽ പരിഗണന ലഭിച്ചില്ലെങ്കിലും ഈ ആവശ്യത്തിൽ പിന്നീട് സർക്കാർ തീരുമാനമെടുക്കുമെന്നാണു സംഘടനയുടെ പ്രതീക്ഷ. ഒപ്പം ഇപ്പോൾ പ്രഖ്യാപിച്ച സെസ് നിരക്കുകളിൽ ഇനി അടിക്കടി മാറ്റം വരുത്തില്ലെന്നും ‘സയാം’ പ്രത്യാശിക്കുന്നു.
കൂടാതെ സെസ് പരിഷ്കരിച്ച സാഹചര്യത്തിൽ കൂടുതൽ നഷ്ടപരിഹാരം ഉറപ്പായതോടെ വിവിധ സംസ്ഥാനങ്ങൾ ഏകപക്ഷീയമായി റോഡ് നികുതി നിരക്കുകൾ ഉയർത്തില്ലെന്നും ‘സയാം’ പ്രതീക്ഷ പ്രകടിപ്പിച്ചു.