ജി എസ് ടി പരിഷ്കാരം: ഹ്യുണ്ടേയിയും വില കൂട്ടി

ചരക്ക്, സേവന നികുതി(ജി എസ് ടി)ക്കൊപ്പമുള്ള സെസ് നിരക്ക് പരിഷ്കരിച്ചതോടെ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വാഹന വില വർധിപ്പിച്ചു. സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തോടെ വാഹന വിലയിൽ രണ്ടു മുതൽ അഞ്ചു ശതമാനം വരെ വർധനയാണു നടപ്പാവുകയെന്ന് കമ്പനി വ്യക്തമാക്കി. പെട്രോൾ എൻജിനുള്ള പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’ ഓട്ടമാറ്റിക് വകഭേദത്തിന്റെ വിലയിൽ 12,547 രൂപയാണ് ഉയരുക. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ഇടത്തരം സെഡാനായ ‘വെർണ’യുടെ വിലയിൽ 29,090 രൂപയാണു വർധന. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’യുടെ വകഭേദങ്ങൾക്ക് 20,900 മുതൽ 55,375 രൂപ വരെയാണ വർധിക്കുക.

പ്രീമിയം സെഡാനായ ‘എലാൻട്ര’യുടെ വിവിധ വകഭേദങ്ങളുടെ വില 50,312 മുതൽ 75,991 രൂപ വരെയാണ് ഉയരുക. പ്രീമിയം എസ് യു വിയായ ‘ട്യുസോണി’ന്റെ വില 64,828 മുതൽ 84,867 രൂപയാണ് വർധിക്കുന്നത്. ജി എസ് ടി നിരക്കിലെ പരിഷ്കാരത്തെ തുടർന്ന് ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വില വർധിപ്പിക്കുമെന്ന് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസും(എഫ് സി എ) പ്രഖ്യാപിച്ചു. അടുത്തയിടെ അരങ്ങേറ്റം കുറിച്ച ‘ജീപ് കോംപസ്’ അടക്കമുള്ള മോഡലുകളുകൾക്കാണു വില യേറുക; വിവിധ മോഡലുകളുടെ വിലയിൽ 6.40 ലക്ഷം രൂപയുടെ വരെ വർധനയാണ് എഫ് സി എ ഇന്ത്യ പ്രഖ്യാപിച്ചത്.

പ്രീമിയം മോഡലുകളായ ‘സിറ്റി’ സെഡാന്റെയും എസ് യു വികളായ ‘ബി ആർ — വി’, ‘സി ആർ — വി’ എന്നിവയുടെയും വില വർധിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 മുതൽ പ്രാബല്യത്തോടെ ഈ മോഡലുകളുടെ വിലയിൽ 11,000 മുതൽ 89,000 രൂപയുടെ വരെ വർധനയാണു നിലവിൽ വന്നതെന്നു കമ്പനി അറിയിച്ചു. ചെറുകാറുകളുടെയും നാലു മീറ്ററിൽ താഴെ നീളമുള്ള മോഡലുകളുടെയും സെസ് നിരക്ക് പരിഷ്കരിക്കാത്തതിനാൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘ബ്രിയൊ’, ‘ജാസ്’, ‘ഡബ്ല്യു ആർ — വി’, ‘അമെയ്സ്’ എന്നിവയുടെ വിലയിൽ മാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി.

സെസ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ ‘ഇന്നോവ ക്രിസ്റ്റ’യ്ക്ക് 78,000 രൂപ ഉയരുമ്പോൾ ‘ഫോർച്യൂണറി’ന്റെ വില വർധന 1.60 ലക്ഷം രൂപയാണ്. ‘കൊറോള ഓൾട്ടിസി’ന്റെ വിലയിൽ 72,000 രൂപയുടെയും ‘പ്ലാറ്റിനം എത്തിയോസി’ന്റെ വിലയിൽ 13,000 രൂപയുടെയും വർധനയുണ്ട്. അതേസമയം സങ്കര ഇന്ധന മോഡലുകൾക്കും ചെറിയ കാറുകൾക്കും വിലയിൽ മാറ്റമില്ലെന്നും ടി കെ എം വ്യക്തമാക്കിയിരുന്നു.

ഇടത്തരം കാറുകൾക്കും വലിയ കാറുകൾക്കും എസ് യു വികൾക്കും ബാധകമായ സെസ് നിരക്കിൽ യഥാക്രമം രണ്ട്, അഞ്ച്, ഏഴ് ശതമാനം വർധനയാണു കഴിഞ്ഞ ദിവസം പ്രാബല്യത്തിലെത്തിയത്. ജി എസ് ടി പ്രകാരം കാറുകൾക്ക് 28% നികുതിയാണു ബാധകമാവുക; സെസ് ആവട്ടെ ഒന്നു മുതൽ 22% വരെയാണ്.