‘സ്വയം ഓടുന്ന’ ട്രാക്ടറുമായി മഹീന്ദ്ര

Tractor

ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടാൻ കഴിയുന്ന ട്രാക്ടറുകളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വരുന്നു. ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലി(എം ആർ വി)യിലാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളായ മഹീന്ദ്ര ഈ മോഡൽ ആഭ്യന്തരമായി വികസിപ്പിച്ചെടുത്തത്.  ഡ്രൈവർക്കു പകരം ഈ ട്രാക്ടറുകൾ ടാബ്ലറ്റ് മുഖേന റിമോട്ട് കൺട്രോൾ വ്യവസ്ഥയിൽ നിയന്ത്രിക്കാനാവുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം. നടീലും മരുന്നടിയും വിളവെടുപ്പുമൊക്കെ വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ നടപ്പാവുമ്പോൾ ചെറുകിട കർഷകർക്കു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമെന്നും കമ്പനി കരുതുന്നു. 

അടുത്ത വർഷം ആദ്യത്തോടെ ഈ ട്രാക്ടറുകൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ. വിദൂര നിയന്ത്രണ സംവിധാനമുള്ള ട്രാക്ടറുകൾ മൂന്നുഘട്ടമായിട്ടാവും കമ്പനി വിപണിയിലെത്തിക്കുക. ആദ്യ ഘട്ടത്തിൽ സ്റ്റീയറിങ് അസിസ്റ്റഡ് ട്രാക്ടറുകളും അടുത്തതായി ഭാഗികമായി ഡ്രൈവറുടെ  സേവനം ആവശ്യമില്ലാത്ത ട്രാക്ടറുകളുമെത്തും. പൂർണമായും ഡ്രൈവർരഹിതമായ ട്രാക്ടറുകളുടെ രംഗപ്രവേശമാവട്ടെ അന്തിമഘട്ടത്തിലാവും.

ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യൻ കൃഷിയിടങ്ങളിലും അവിടെ ഉപയോഗിക്കുന്ന ട്രാക്ടറുകളിലും ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതെന്ന് എം ആൻഡ് എം മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വിശദീകരിച്ചു. എൻജിൻ ശേഷി കുറഞ്ഞ മോഡലുകൾ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് വിൽപ്പനയ്ക്കെത്തിക്കാനാണു ശ്രമമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഭാവിയിൽ 20 എച്ച് പി മുതൽ 100 എച്ച് പി വരെ ശേഷിയുള്ള ട്രാക്ടറുകളെ സ്വയം പ്രവർത്തിക്കുന്ന സംവിധാനത്തിലാക്കാനാണു കമ്പനിയുടെ പദ്ധതിയെന്ന് എം ആൻഡ് എം ഫാം ഡിവിഷൻ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ശുഭബ്രത സാഹ അറിയിച്ചു. സ്വയം ഓടുന്ന ട്രാക്ടറുകൾക്ക് ആവശ്യമായ അനുമതികൾ അടുത്ത വർഷത്തോടെ നേടാനാവുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ. തുടക്കത്തിൽ ഇറക്കുമതി ചെയ്ത യന്ത്രഘടകങ്ങളാവും ഉപയോഗിക്കുകയെങ്കിലും ക്രമേണ 70 ശതമാനത്തോളം ഘടകങ്ങൾ ആഭ്യന്തരമായി കണ്ടെത്താനാവുമെന്നും കമ്പനി കരുതുന്നു.