ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ ലോട്ടസിനെ ഏറ്റെടുക്കാനുള്ള നടപടികൾ ചൈനയിലെ ഗീലി പൂർത്തിയാക്കി. ലോട്ടസിന്റെ 51% ഓഹരികളാണ് ഗീലി, വോൾവോ, ലിങ്ക് ആൻഡ് കമ്പനി തുടങ്ങിയ വാഹന നിർമാണകമ്പനികളുടെ ഉടമയായ ചൈനീസ് വ്യവസായി സ്വന്തമാക്കിയത്. ലോട്ടസിന്റെ അവശേഷിക്കുന്ന 49% ഓഹരികൾ മലേഷ്യൻ ഗ്രൂപ്പായ എതിക ഓട്ടമോട്ടീവിന്റെ പക്കലാണ്.
പുതിയ മാനേജ്മെന്റ് ഘടന പ്രകാരം ഗീലിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) ആയ ഡാനിയൽ ഡോൺഗുയിയാണു ലോട്ടസിന്റെ ചെയർമാൻ. ഗീലി ഓട്ടോ വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫിസറുമായ ഫെങ് ക്വിങ് ഫെങ്ങും വൈസ് പ്രസിഡന്റ് നഥാൻ യു നിങ്ങും ലോട്ടസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംപിടിക്കും. എതികയെ പ്രതിനിധീകരിച്ചു കോർപറേറ്റ് കൺസൽറ്റന്റ് ഡാറ്റ ഷരി തർമിസിയും ബോർഡിലെത്തും; മറ്റൊരു ബോർഡ് അംഗത്തെ കമ്പനി പിന്നീട് പ്രഖ്യാപിക്കും. അതേസമയം ലോട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജീൻ മാർക് ഗെയ്ൽസ് തൽസ്ഥാനത്തു തുടരുമെന്നും വ്യക്തമായിട്ടുണ്ട്.
ഇടപാട് പൂർത്തിയാതോടെ പങ്കാളികളുമായി ചേർന്നു ലോട്ടസിനെ ആഗോളതലത്തിൽ തന്നെ മത്സരക്ഷമമായ ബ്രാൻഡായി വികസിപ്പിക്കാനും സ്പോർട്സ് കാർ വിപണിയിലെ നേതൃസ്ഥാനത്തെത്തിക്കാനുമുള്ള ശ്രമങ്ങൾക്കാണു തുടക്കമിടുന്നതെന്നു ഗീലി സി എഫ് ഒഡാനിയൽ ഡോൺഗുയി അറിയിച്ചു. പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവയ്ക്കാൻ ലോട്ടസിനു കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിജയപാതയിൽ തിരിച്ചെത്താൻ പര്യാപ്തമായ, ശക്തമായ നിലയിലാണു ലോട്ടസ് ബ്രാൻഡെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജീൻ മാർ ഗെയ്ൽസ് അഭിപ്രായപ്പെട്ടു. വളർച്ചയ്ക്കുള്ള മികച്ച അവസരമാണു കമ്പനിക്കു കൈവന്നിരിക്കുന്നത്. കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച കാറുകളാണു ലോട്ടസ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്; അടുത്ത തലമുറ ആഡംബര സ്പോർട്സ് കാറുകളുടെ വികസനവും പുരോഗതിയിലാണെന്ന് അദ്ദേഹം അറിയിച്ചു.
ഇക്കൊല്ലം ആദ്യ പകുതിയിലെ വിൽപ്പനയിൽ 10% വളർച്ച കൈവരിക്കാൻ ലോട്ടസിനു സാധിച്ചിട്ടുണ്ട്; വരുമാനത്തിലും പ്രകടമായ നേട്ടമുണ്ട്. ലോട്ടസ് നിർമിച്ച ഏറ്റവും വേഗമേറിയ കാറായ ‘ഡിവോര ജി ടി 430’ അടക്കമുള്ള മോഡലുകളുടെ അവതരണത്തിനും കമ്പനി തയാറെടുക്കുന്നുണ്ട്. വോൾവോയ്ക്കും ലിങ്ക് ആൻഡ് കമ്പനിക്കും പുറമെ ലോട്ടസ് ഗ്രൂപ്പിന്റെയും പോൾസ്റ്റാർ, ലണ്ടൻ ടാക്സി കമ്പനി, യുവാന് ചെങ് ഓട്ടോ, പ്രോട്ടോൺ എന്നിവയുടെ ഉടമസ്ഥാവകാശം നിലവിൽ ഗീലിക്കാണ്.