Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുക്കളെ തുരത്താൻ 1700 കോടിയുടെ അത്യാധുനിക മെയ്ക്ക് ഇൻ ഇന്ത്യ പടക്കപ്പൽ, ഐഎന്‍എസ് കില്‍ത്തന്‍

INS Kiltan INS Kiltan

നാവിക സേനയ്ക്ക് കരുത്തേകാൻ 1700 കോടി രൂപ മുടക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലാണ് ഐഎന്‍എസ് കില്‍ത്തന്‍. 7800 കോടി മുടക്കി നിര്‍മിക്കുന്ന നാലു യുദ്ധക്കപ്പലുകളില്‍ മൂന്നാമന്‍. ഐഎൻഎസ് കമോർത്ത, ഐഎൻഎസ് കാഠ്മഠ് എന്നിവയുടെ നിരയിലേക്കാണ് ഐഎൻഎസ് കിൽത്തൻ എത്തുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്ജിനിയേഴ്‌സ് (GRSE) ആണ് കപ്പല്‍ നിര്‍മിച്ചത്. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ക്കിടയില്‍ കപ്പൽ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കും ഇടയിലുള്ള തന്ത്രപ്രധാന ദ്വീപസമൂഹത്തിന്റെ പേരാണു കിൽത്തന് നൽകിയത്.

INS Kiltan INS Kiltan

കടലാക്രമണങ്ങൾ ചെറുക്കാൻ ശേഷിയുള്ള കിൽത്തൻ, അതീവശേഷിയുള്ള സെൻസറുകൾ ഉൾപ്പെടെ നൂതന സൗകര്യങ്ങളോടെയാണ് നിർമിച്ചിട്ടുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെ തടുക്കാൻ കിൽത്തൻ ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേകും. 13 ഓഫിസർമാരും 178 നാവികരുമാണ് കിൽത്തനിലുണ്ടുക. കമാൻഡർ നൗഷാദ് അലി ഖാനാണ് കിൽത്തനെ നയിക്കുന്നത്. 

ഐഎൻഎസ് കിൽത്തന്റെ പ്രത്യേകതകൾ

109 മീറ്റർ നീളവും 3500 ടൺ ഭാരവുമുണ്ട് കിൽത്തന്. നാല് ഡീസൽ എൻജിനുകളാണ് കപ്പലിനെ ചലിപ്പിക്കുന്നത്. മണിക്കൂറിൽ 46 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവും. കടലിൽ സഞ്ചരിക്കുമ്പോൾ പ്രൊപ്പല്ലറുകൾക്ക് ശബ്ദം വളരെ കുറവായിരിക്കും അതുകൊണ്ട് തന്നെ അന്തർവാഹനികൾക്ക് എളുപ്പം കണ്ടെത്താൻ സാധിക്കില്ല. കാർബൺ ഫൈബർ മിശ്രണം ഉപയോഗിച്ച് നിർമ്മിച്ചതിനാൽ മറ്റ് കോർവെറ്റ് മോഡൽ യുദ്ധക്കപ്പലുകളെക്കാൾ 100 ടണ്ണിൽ അധികം ഭാരക്കുറവുണ്ട് കിൽത്തന്.

കരുത്തനായി കിൽത്തൻ 

ഭാരമേറിയ ടോര്‍പിഡോകള്‍,​ എഎസ്ഡബ്‍ളിയു റോക്കറ്റുകള്‍,​ 766 എംഎം മധ്യദൂര തോക്കുകള്‍,​ 30 എംഎം തോക്കുകള്‍ എന്നിവ വഹിക്കാൻ ശേഷി. നീളം 109 മീറ്റര്‍. ബീമുകളുടെ ഉയരം 14 മീറ്റര്‍. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഭാരം കുറവ്. വേഗതയിൽ സഞ്ചരിക്കാം. അത്യാധുനിക ഇലക്ട്രോണിക് സപ്പോർട്ട് മെഷർ (ഇഎസ്എം) സൗങ്കേതിക വിദ്യയിലാണു പ്രവർത്തനം.

സുരക്ഷയേകാൻ‌ ഐആർഎസ്എസ്

ഡിആർഡിഒ വികസിപ്പിച്ച ഇൻഫാറെ‍ഡ് റേഡിയേഷൻ സപ്രഷൻ സിസ്റ്റം കിൽത്തനിലുണ്ട്. ഇൻഫ്രാറെഡ് ഗൈഡഡ് മിസൈലുകളിൽ നിന്ന് സംരക്ഷണമേകുന്നതിനാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്. കപ്പലിന്റെ താപനില കുറച്ച് ഇൻഫ്രൈറെഡ് റഡാറുകളിൽ പെടാതെ സൂക്ഷിച്ചാണ് ഈ സാങ്കേതിക വിദ്യ സംരക്ഷണമേകുന്നത്.