ധൻതേരസ് നാളിൽ ഹീറോയ്ക്ക് 3 ലക്ഷം വിൽപ്പന

ദീപാവലി ആഘോഷത്തിന്റെ ആദ്യ നാളായി കണക്കാക്കപ്പെടുന്ന ധൻതേരസ് നാളിൽ മാത്രം മൂന്നു ലക്ഷത്തോളം ഇരുചക്രവാഹനങ്ങൾ വിറ്റതായി ഹീറോ മോട്ടോ കോർപ്. മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങളിലായാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തിൽ തന്നെ ഏതെങ്കിലും കമ്പനി ഒറ്റ ദിവസം കൈവരിക്കുന്ന ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്നും ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നു. 

റെക്കോഡുകളുടെ സീസന്റെ തുടർച്ചയായാണ് കമ്പനി ധൻതേരസ് നാളിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചതെന്ന് ഹീറോ മോട്ടോ കോർപ് വക്താവ് വിശദീകരിച്ചു. സെപ്റ്റംബറിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയാണു കമ്പനി കൈവരിച്ചത്; ഒറ്റ മാസത്തിനിടെ ഏതെങ്കിലും നിർമാതാവ് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. നടപ്പു ത്രൈമസത്തിലാവട്ടെ ഹീറോ മോട്ടോ കോർപ് വിറ്റത് 20 ലക്ഷത്തിലേറെ യൂണിറ്റാണ്; ഇതും പുതിയ റെക്കോഡാണ്. രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കൻ മേഖലകളാണു തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതെന്നാണു ഹീറോ മോട്ടോ കോർപിന്റെ വിശദീകരണം. 

കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിലാണു ഹീറോ മോട്ടോ കോർപ് 20 ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചത്. സെപ്റ്റംബറിലാവട്ടെ ഇന്ത്യയിൽ ഏഴു ലക്ഷത്തിലേറെ യൂണിറ്റ് പ്രതിമാസ വിൽപ്പന കൈവരിക്കുന്ന ആദ്യ കമ്പനിയുമായി ഹീറോ മോട്ടോ കോർപ്.