ഗീയർരഹിത സ്കൂട്ടർ വിഭാഗത്തിൽ രണ്ടു മോഡലുകൾ കൂടി അവതരിപ്പിക്കാൻ ഹീറോ മോട്ടോ കോർപ് തയാറെടുക്കുന്നു. ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ’യുടെയും 125 സി സി പതിപ്പുകളാണു കമ്പനി പുറത്തിറക്കുക. നിലവിൽ 110 സി സി എൻജിനോടെ ഇരു സ്കൂട്ടറുകളും വിൽപ്പനയ്ക്കുണ്ട്; എൻജിൻ ശേഷിയേറുന്നതോടെ ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ’യുടെയും വിലയിൽ 2,000 — 4,000 രൂപയുടെ വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. ഇതോടെ ‘മാസ്ട്രോ 125’ ഡൽഹി ഷോറൂമിൽ 53,000 രൂപയ്ക്കും ‘125 ഡ്യുവറ്റ്’ 49,000 രൂപയ്ക്കും ലഭിച്ചേക്കും.
‘ഡെയർ 125’ സ്കൂട്ടറിൽ അവതരിപ്പിച്ച പുതിയ ഫോർ സ്ട്രോക്ക് എൻജിനോടെയാവും ഇരുമോഡലുകളുടെയും വരവ്. 6,750 ആർ പി എമ്മിൽ 8.7 ബി എച്ച് പി കരുത്തും 5,000 ആർ പി എമ്മിൽ 10.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഹോണ്ടയുടെ ‘ആക്ടീവ 125’, സുസുക്കി ‘അക്സസ് 125’ തുടങ്ങിയവയാകും പുതിയ ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ’യുടെയും എതിരാളികൾ.
ഹീറോയുടെ മോട്ടോർ സൈക്കിളുകളുടെ സവിശേഷതയും കമ്പനിയുടെ സ്വന്തം ആവിഷ്കാരവുമായ ‘ഐ ത്രി എസ് സ്റ്റോപ് സ്റ്റാർട്’ സംവിധാനും ഇരു സ്കൂട്ടറുകളിലും ഇടംപിടിക്കുമെന്നാണു സൂചന. എതാനും സെക്കൻഡ് വാഹനം ഐഡ്ൽ ചെയ്യുമ്പോൾ എൻജിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ത്രോട്ടിൽ നൽകിയാലുടൻ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് ‘ഐ ത്രീ എസ്’. ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഈ സാങ്കേതികവിദ്യ ഇതാദ്യമായാണു സ്കൂട്ടറുകളിൽ ലഭ്യമാവുന്നത്.
ഓപ്ഷനൽ വ്യവസ്ഥയിൽ ഡിസ്ക് ബ്രേക്കുമായെത്തുന്ന സ്കൂട്ടറുകളിൽ കോംബി ബ്രേക്കിങ് സംവിധാന(സി ബി എസ്)വും ഉണ്ടാകും. ഡയമണ്ട് കട്ട് കാസ്റ്റ് വീൽ, സീറ്റിനു പുറത്തെ ഫ്യുവൽ ഫില്ലിങ് ക്യാപ്, റിമോട്ട് കീ ഓപ്പണിങ്, മൊബൈൽ ചാർജിങ് പോയിന്റ്, സീറ്റീനു താഴെയുള്ള സംഭരണ സ്ഥലത്ത് ലൈറ്റ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ റിമൈൻഡർ തുടങ്ങിയവയൊക്കെ പുതിയ ‘ഡ്യുവറ്റി’ലും ‘മാസ്ട്രോ’യിലുമുണ്ടാവും. ഇരു സ്കൂട്ടറുകളിലും ഇലക്ട്രിക് സ്റ്റാർട് സൗകര്യവുമുണ്ടാവും. മോശം റോഡുകളിലും സുഖയാത്ര ഉറപ്പാക്കാൻ മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാവും പുതിയ സ്കൂട്ടറുകളുടെ സസ്പെൻഷൻ.