Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടിയേരി സഞ്ചരിച്ച മിനി കൺവേർട്ടബിളിന്റെ വില 44 ലക്ഷം

Mini Convertible Mini Convertible

ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ കൊടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ ചെറുകാർ മിനി കൺവേർട്ടബിളിലാണ് കൊടിയേരി സ്വീകരണത്തിനെത്തിയത്.

രാജ്യാന്തര വിപണിയിലെ മിനിയുടെ ഏറ്റവും പ്രശസ്തമായ കാറുകളിലൊന്നാണ് ഏകദേശം 44 ലക്ഷം രൂപ ഓൺറോഡ് വിലയുള്ള മിനി കൺവേർട്ടബിൽ. ഈ വർഷം ആദ്യം മിനി കൺവേർട്ടബിളിന്റെ പുതിയ മോഡൽ കമ്പനി പുറത്തിറക്കിയിരുന്നു. ആഡംബര സൗകര്യത്തിനും മികവിനും ഒരുപോലെ പ്രാധാന്യം നൽകി മിനി പുറത്തിറക്കിയ വാഹനാമാണ് കൺവേർട്ടബിൾ.

2 ലിറ്റർ‌ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന മിനി 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7.1 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന മിനിയുടെ പരമാവധി വേഗത 233 കിലോമീറ്ററാണ്. ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ്, ഷിഫ്റ്റ് പോയിന്റ് ഡിസ്പ്ലെ, ഇലക്ട്രോമെക്കാനിക്കൽ പവർ സ്റ്റിയറിങ്, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഡൈനാമിക് സ്റ്റെബിലിറ്റ് കൺട്രോൾ, ക്രാഷ് സെൻസറുകളൾ, എബിഎസ്, കോർണറിങ് ബ്രേക് കൺട്രോൾ, റൺ ഫ്ലാറ്റ് ഇൻഡികേറ്ററുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും പുതിയ മിനി കൺവേർട്ടബിളിലുണ്ട്.

പ്രീമിയം ചെറുകാർ നിർമാതാക്കളായ മിനി 2012 ലാണ് ഇന്ത്യയിലെത്തുന്നത്. അന്നുമുതൽ പ്രീമിയം ചെറുകാർ സെഗ്‌മെന്റിലെ സ്ഥിരം സാന്നിധ്യമാണ് മിനി. കഴിഞ്ഞ വർഷം 340 മിനി കാറുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റത്. രാജ്യാന്തര വിപണിയിൽ മിനി കൺവേർട്ടബിൾ 1992 ലാണ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങി അധികം കാലം കഴിയുന്നതിനുമുമ്പ് തന്നെ ജനപ്രിയ കാറായി മാറിയ മിനിയുടെ 2.64 ലക്ഷം യൂണിറ്റുകൾ ആദ്യ അഞ്ചു വർഷം കൊണ്ടു വിറ്റിട്ടുണ്ട്.