Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ക്ക് ഇൻ ഇന്ത്യ അഭിമാനം 'തേജസ്' ശബ്ദവേഗത്തിൽ പറത്തി ദക്ഷിണ വ്യോമസേനാ മേധാവി

R K S Bhadauria R K S Bhadauria

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം തേജസ് പറത്തി ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ആർ.കെ.എസ്. ബദൂരിയ. ‌വ്യോമസേനയുടെ 45-ാം സ്‌ക്വാഡ്രണിന്റെ ഭാഗമായ തേജസ് എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ചേർന്നാണ് വികസിപ്പിച്ചത്. ഏകദേശം മുപ്പത് മിനിറ്റോളമാണ് ബദൂരിയ തേജസ് പറത്തിയത്. യുദ്ധവൈമാനികനായ എയർമാർഷൽ ബദൂരിയ, തേജസിന്റെ നിർമ്മാണത്തിന്റെ തുടക്കം മുതൽ പങ്കാളിയായിരുന്നു. തേജസിൽ നൂറോളം പരിശീലന പറക്കൽ നടത്തിയിട്ടുണ്ട്. 4000 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയമുള്ള ദക്ഷിണ വ്യോമസേനാ മേധാവി യുദ്ധ വിമാനങ്ങളുടെ പരീശീലന പറക്കലിലും പരിശീലനത്തിലും വിദഗ്ദ്ധനാണ്.

മുമ്പ് എയർ മാഷൽ അരൂപ് റാഹയും എയർ മാഷൽ എസ്.ബി.പി.സിൻഹയും അര മണിക്കൂർ തേജസ് പറത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് ‘തേജസ്’. റഷ്യയുടെ മിഗ്-21 പോർവിമാനങ്ങൾക്കു പകരമായാണു വ്യോമസേന തേജസ് ഏറ്റെടുക്കുന്നത്. ഫ്രാൻസിന്റെ മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പൻ തുടങ്ങിയവയുമായി കിടപിടിക്കുന്ന വിമാനമാണ് തേജസ്സ്. സർക്കാർ ഉടമസ്‌ഥതയിലുള്ള ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) 2011 ജനുവരിയിലാണു വിമാനം നിർമിച്ചത്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച ഈ യുദ്ധവിമാനം, ആയിരക്കണക്കിനു പരീക്ഷണപ്പറക്കലുകൾക്കൊടുവിലാണു വ്യോമസേനയിലെത്തിയത്. ദ്രുതഗതിയിൽ തിരിഞ്ഞുമറിയാനുള്ള ശേഷിയാണ് തേജസിന്റെ വലിയൊരു പ്രത്യേകത.

8.5 ടൺ ഭാരമുള്ള തേജസിനു മൂന്നു ടൺ ആയുധങ്ങൾ വഹിക്കാനാകും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ വിമാനത്തിലുണ്ട്. കൃത്യമായി യുദ്ധസാമഗ്രികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുമാകും. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നിർമിച്ച വിവിധോദ്ദേശ്യ റഡാറും തേജസിലുണ്ട്. ഒരാൾക്കു പറത്താവുന്ന തേജസിന്റെ ഭാരം 6560 കിലോഗ്രാമാണ്. 9500 കിലോഗ്രാം വരെ അധികഭാരം കയറ്റുകയും ചെയ്യാം. പരമാവധി ടേക്ക് ഓഫ് ഭാരം 13,200 കിലോഗ്രാമാണ്. മാക് 1.6 (മണിക്കൂറിൽ 2,205 കി.മീ) ആണ് തേജസിന്റെ വേഗം. 3,000 കിലോമീറ്റർ പരിധി വരെ പറക്കാനാകും.

എ–8 റോക്കറ്റ്, എയർ ടു എയർ മിസൈൽ ആക്രമണത്തിനും തേജസിനു കഴിയും. അസ്ത്ര, ഡെർബി, പൈത്തോൺ, ആർ–77, ആർ–73 മിസൈലുകൾ എയർ ടു എയർ ഉപയോഗിക്കാനാകും. ഇതിനു പുറമെ എയർ ടു സർഫസ്, ആന്റി ഷിപ്പ് മിസൈലുകളും പ്രയോഗിക്കാനുള്ള ശേഷി തേജസിനുണ്ട്.