ഇന്ത്യയിൽ 2020 ആകുമ്പോഴേക്ക് വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനും ധാരണയിലെത്തി. ഇരുകമ്പനികളുമായി നേരത്തെ ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകൾ വിപുലീകരിച്ചാണ് ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയിലും സഹകരിക്കാൻ ടൊയോട്ടയും സുസുക്കിയും തീരുമാനിച്ചത്.
ആഗോളതലത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണു ടൊയോട്ടയും സുസുക്കിയുമായി ധാരണയിലെത്തിയത്. തുടർന്ന് ഈ ധാരണ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ വൈദ്യുത വാഹന സാങ്കേതികവിദ്യ വ്യാപനമടക്കമുള്ള വിഷയങ്ങൾ ഇരുപങ്കാളികളും ചർച്ച ചെയ്തത്.
ഇന്ത്യയിൽ വൈദ്യുത വാഹന നിർമാണത്തിനുള്ള ചുമതല സുസുക്കിക്കാവും; ഇവയുടെ വിപണനവും സുസുക്കി തന്നെ ഏറ്റെടുക്കും. അതേസമയം വൈദ്യുത വാഹന സാങ്കേതികവിദ്യയും പിന്തുണയും ലഭ്യമാക്കുന്ന ടൊയോട്ടയ്ക്ക് ഇന്ത്യയിൽ വിൽക്കാനുള്ള വാഹനങ്ങളും സുസുക്കി തന്നെ നിർമിച്ചു നൽകണമെന്നാണു വ്യവസ്ഥ. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്കു സ്വീകാര്യത ഉയർത്താനും വിൽപ്പന മെച്ചപ്പെടുത്താനുമുള്ള മാർഗങ്ങൾ കണ്ടെത്താൻ സമഗ്രമായ പഠനം നടത്താനും ടൊയോട്ടയ്ക്കും സുസുക്കിക്കും പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഈ മേഖലയ്ക്കാവശ്യമായ മാനവവിഭവ ശേഷി വികസിപ്പിക്കാനും ഇത്തരം വാഹനങ്ങളുടെ വിൽപ്പനാന്തര സേവനം നിർവഹിക്കാൻ പ്രാപ്തരായവരെ പരിശീലിപ്പിക്കാനുമൊക്കെ ഇരുനിർമാതാക്കളും തയാറെടുക്കുന്നുണ്ട്. ഒപ്പം ഉപയോഗശൂന്യമായ ബാറ്ററികൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളും കമ്പനികൾ വികസിപ്പിക്കും.
ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതേത്തുടർന്നു ഗുജറാത്തിലെ പുതിയ കാർ നിർമാണശാലയ്ക്കു സമീപമായി ലിതിയം അയോൺ ബാറ്ററി നിർമാണശാല സ്ഥാപിക്കാനും സുസുക്കിക്ക് പദ്ധതിയുണ്ട്. ലിതിയം അയോൺ ബാറ്ററിക്കു പുറണെ വൈദ്യുത മോട്ടോർ അടക്കമുള്ള പ്രധാന ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാനും സുസുക്കിക്കും ടൊയോട്ടയ്ക്കും പരിപാടിയുണ്ട്.