ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ഘടകമാണ് ഇന്ധനക്ഷമത. റോക്കറ്റാണെങ്കിലും അതിന്റെ മൈലേജ് എത്രയാണെന്ന് അറിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാണ് നമുക്ക്. അടുത്തിടെ നടന്നൊരു സർവേയുടെ ഫലവും വിപരീതമായിരുന്നില്ല. പുതിയ കാർ വാങ്ങാൻ തയാറെടുക്കുന്ന ഇന്ത്യക്കാരിൽ 67 ശതമാനത്തിലേറെപ്പേരും വാഹനത്തിന്റെ കരുത്തിനെക്കാൾ പരിഗണന നൽകുന്നത് ഇന്ധനക്ഷമതയ്ക്കാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടു തന്നെ വാഹന നിർമാതാക്കളിൽ ഭൂരിഭാഗവും ഇന്ധനക്ഷമതയ്ക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നത്. ഇന്ത്യയിൽ ഇന്നു വിൽക്കപ്പെടുന്ന ഡീസൽ കാറുകളിൽ വച്ച് ഏറ്റവും ഇന്ധനക്ഷമതയുള്ളവ ഏതൊക്കെയെന്ന് അറിയാമോ?
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ– 28.4 കി.മീ
അടുത്തിടെ പുറത്തിറങ്ങിയ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ കരുത്തറിയിച്ച് മുന്നേറുകയാണ്. മികച്ച സ്റ്റൈലുമായി എത്തിയ ഡിസയറിനെ വിപണിയിൽ ജനപ്രിയനാക്കുന്ന ഘടകം ഇന്ധനക്ഷമത തന്നെയാണ്. 1.3 ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എൻജിൻ ഇന്ധനക്ഷമതയ്ക്കും പെർഫോമൻസിനും ഒരേ പോലെ മുൻതൂക്കം നൽകി ട്യൂൺ ചെയ്തിരിക്കുന്നു. പഴയ മോഡലിനേക്കാൾ ഏകദേശം രണ്ട് കിലോമീറ്റർ അധിക മൈലേജ് പുതിയ ഡിസയർ നൽകുന്നുണ്ട്. ഒരു ലീറ്റർ ഡീസലിൽ 28.4 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും എന്നാണ് മാരുതി അവകാശപ്പെടുന്നത്.
മാരുതി സുസുക്കി സിയാസ്– 28.09 കി.മീ
മാരുതിയുടെ മിഡ് സൈസ് സെഡാനായ സിയാസും മൈലേജിന്റെ കാര്യത്തിൽ മിടുക്കനാണ്. സെഗ്മെന്റിലെ ഏറ്റവും ഉയർന്ന മൈലേജായ 28.09 കി.മീയാണ് മാരുതി വാഗ്ദാനം. മാരുതിയുടെ മറ്റുവാഹനങ്ങളിൽ ഉപയോഗിക്കുന്ന 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ തന്നെയാണ് സിയാസിനും കരുത്തു പകരുന്നത്.
മാരുതി ബലേനൊ– 27.39 കി.മീ
വിൽപ്പനയുടെ കാര്യത്തിൽ എന്നപോലെ മൈലേജിന്റെ കാര്യത്തിലും മാരുതിയുടെ വാഹനങ്ങള്‍ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മാരുതിയുടെ പ്രിമിയം ഹാച്ചായ ബലേനൊയാണ് മൈലേജിൽ മൂന്നാം സ്ഥാനത്ത്. ഒരു ലിറ്റർ ഡീസലിന് 2 7.39 കി.മീ മൈലേജ് ബലേനൊ നൽകും എന്നാണ് മാരുതി അവകാശപ്പെടുന്നത്. 1.3 ലീറ്റർ മൾട്ടി ജെറ്റ് എൻജിനാണ് ബലേനൊയ്ക്ക് കരുത്തു പകരുന്നത്.
ഹോണ്ട ജാസ്– 27.3 കി.മീ
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ചാബാക്ക് ജാസാണ് മൈലേജ് കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു കാർ. ഹോണ്ടയുടെ ആദ്യ ഡീസൽ എൻജിനായ 1.5 ലീറ്റർ എൻജിൻ കരുത്തു പകരുന്ന ജാസ് ഒരു ലീറ്റർ ഡീസൽ അടിച്ചാൽ ഏകദേശം 27.3 കിലോമീറ്റർ സഞ്ചരിക്കും
ടാറ്റ ടിയാഗോ– 27.28 കി.മീ
ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോയാണ് മൈലേജിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു കാർ. ടാറ്റയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ ടിയാഗോ 27.28 കി. മീ മൈലേജ് നൽകും.
മാരുതി ഇഗ്‌നിസ്– 26.8 കി.മീ
മാരുതിയുടെ ഏറ്റവും പുതിയ കാറാണ് ഇഗ്‌നിസ്‍. യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇഗ്‌നിസ് പുറത്തിറക്കിയിരിക്കുന്നത്. 1.3 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ മൈലേജ് 26.8 ലീറ്ററാണ്.
ഫോഡ് ഫിഗോ– 25.83 കി.മീ
അമേരിക്കൻ നിർമാതാക്കളായ ഫോഡിന്റെ ചെറു ഹാച്ച് ഫിഗോയാണ് മൈലേജിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു കാർ. ഒരു ലീറ്റർ ഡീസലിൽ 25.83 കി.മീയാണ് ഫോഡ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. 1.5 ലീറ്റർ ഡീസൽ എൻജിനാണ് ഫിഗോയ്ക്ക് കരുത്തു പകരുന്നത്.
ഫോഡ് ഫിഗോ ആസ്പയർ– 25.83 കി.മീ
ഫിഗോയെ അടിസ്ഥാനമാക്കി നിർമിച്ച കോംപാക്റ്റ് സെഡാൻ ആസ്പെയറിനും മൈലേജ് 25.83 ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.5 ലീറ്റർ ഡിസൽ എൻജിൻ തന്നെയാണ് അസ്പെയറിനും കരുത്തു പകരുന്നത്.
ഹോണ്ട അമെയ്സ്– 25.8 കി.മീ
ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഡീസൽ കാറാണ് അമെയ്സ്. 1.5 ലീറ്റർ ഡീസൽ എൻജിനുമായി എത്തുന്ന കാറിന് 25.8 കി. മീ മൈലേജ് ലഭിക്കും.
ഹോണ്ടാ സിറ്റി– 25.6 കി.മീ
ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറാണ് സിറ്റി. ഡീസൽ എൻജിനില്ല എന്ന പരിധി പരിഹരിച്ചാണ് ഡീസൽ ഹൃദയവുമായി പുതിയ സിറ്റി പുറത്തിറങ്ങുന്നത്. മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഏറ്റവും അധികം മൈലേജ് നൽകുന്ന കാറുകളിലൊന്നാണ് സിറ്റി. ലീറ്ററിന് 25.6 കി.മീയാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.