ഡീസലിന് അയൽസംസ്ഥാനങ്ങളെക്കാൾ ഉയർന്ന വിൽപന നികുതി ഈടാക്കുന്നതു സംസ്ഥാനത്തു ഡീസൽ വിൽപന കുറയാൻ ഇടയാക്കുന്നു. അതിർത്തി ജില്ലകളിൽ മാത്രം 2014 ഒക്ടോബർ മുതൽ ഇക്കൊല്ലം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് മുൻകൊല്ലത്തെക്കാൾ നാലു കോടി ലീറ്റർ ഡീസൽ വിൽപന കുറഞ്ഞു. തമിഴ്നാട് ജില്ലകളിലെ വിലയുമായി ലീറ്ററിന് നാല് – നാലര രൂപയാണു കേരളത്തിൽ കൂടുതൽ. 300 – 400 ലീറ്റർ ഡീസൽ നിറയ്ക്കാവുന്ന ചരക്കു ലോറികൾക്ക് ഒരു തവണ ഫുൾ ടാങ്ക് ഇന്ധനം വാങ്ങാൻ തമിഴ്നാടിനെ അപേക്ഷിച്ച് 1200 – 1800 രൂപ ഇവിടെ അധികം നൽകേണ്ടിവരുന്നു.
സ്വാഭാവികമായും വാഹന ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡീസൽ നിറയ്ക്കാനാണു താൽപര്യപ്പെടുന്നത്. നവംബർ ഒന്നിലെ നിലയനുസരിച്ച് തമിഴ്നാട്ടിൽ ഡീസലിന് 21.43% ആണു വിൽപന നികുതി. കർണാടകത്തിൽ 22.48%, മാഹിയിൽ 14%. കേരളത്തിലെ നിരക്ക് 27.39%. പെട്രോളിന്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. തമിഴ്നാട്ടിൽ 27%, കർണാടകത്തിൽ 32.3%, മാഹിയിൽ 15%, കേരളത്തിൽ 34.26%. ഒരു ലീറ്റർ ഡീസലിന് 10.46 രൂപയാണു കേരളത്തിനു കിട്ടുന്ന നികുതി. കഴിഞ്ഞ ഒരു വർഷത്തെ കണക്കനുസരിച്ച് അതിർത്തി ജില്ലകളിൽ ഡീസൽ വിൽപന കുറഞ്ഞതുവഴി 40 കോടി രൂപയെങ്കിലും കേരളത്തിനു നഷ്ടമായിട്ടുണ്ട്. അതിർത്തി ജില്ലകളിൽ മാത്രമല്ല വിൽപന കുറയുന്നതെന്നതും ശ്രദ്ധേയം.
തമിഴ്നാട് അതിർത്തിയിലെത്താൻ ആവശ്യമായ ഇന്ധനം മാത്രം കേരളത്തിൽനിന്നു വാങ്ങുക എന്നതാണു ലോറിക്കാരുടെ പൊതുനയം. അതിർത്തിജില്ലകളിൽ ഇന്ധനവിൽപന കുത്തനെ ഇടിഞ്ഞതിനാൽ ഏതാനും പമ്പുകൾ അടച്ചിടേണ്ടിവന്നിട്ടുണ്ട്. തമിഴ്നാട്ടിലാകട്ടെ, കേരളത്തോടടുത്തുള്ള പമ്പുകളിൽ വിൽപന വൻതോതിൽ ഉയരുകയും ചെയ്തു. കൂടാതെ പാറമട ഉൾപ്പെടെ കെട്ടിടനിർമാണ രംഗത്തുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ കൊണ്ടുതന്നെ സംസ്ഥാനത്തു ഡീസൽ ഉപഭോഗം കുറഞ്ഞുവരികയാണെന്ന് ഇന്ധന വ്യാപാരികൾ പറയുന്നു.
ഡീസൽ കാറുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും വാണിജ്യ വാഹനങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതു മറികടക്കാൻ അതുകൊണ്ടാവില്ല. ഇക്കൊല്ലത്തെ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ, മുൻകൊല്ലത്തെ അപേക്ഷിച്ച് 10–15% ഇടിവ് പ്രകടമാകുമെന്നാണു വിലയിരുത്തൽ. ഡീസൽ നികുതി അയൽസംസ്ഥാനങ്ങളുടേതിനു സമാനമാക്കിയാൽ ഡീസലിനു മാത്രമല്ല വില കുറയുക. ചരക്കുനീക്കത്തിനുള്ള ഇന്ധനമാകയാൽ, അവശ്യസാധനങ്ങളുടെ വില കുറയാനും ഇതു സഹായകമാകും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.