ഇന്ത്യൻ റയിൽവേയ്ക്കായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് നിർമിക്കുന്ന വൈദ്യുത എൻജിനുകൾക്കുള്ള ട്രാക്ഷൻ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള കരാർ എ ബി ബി ഇന്ത്യയ്ക്ക്. യാത്രാ, ചരക്ക് വിഭാഗങ്ങളിലായി 64 വൈദ്യുത എൻജിനുകൾ നിർമിക്കാനുള്ള ട്രാക്ഷൻ കൺവർട്ടർ, സ്വതന്ത്ര ഓക്സിലറി കൺവർട്ടർ, വെഹിക്കിൾ കൺട്രോൾ യൂണിറ്റ് എന്നിവയ്ക്കുള്ള 134 കോടി രൂപയുടെ കരാറാണ് എ ബി ബി ഇന്ത്യ നേടിയത്.
അടുത്ത തലമുറ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെയും ട്രാക്ഷന് കൺവർട്ടറുകളുടെയും പിൻബലമുള്ള വൈദ്യുത ലോക്കോമോട്ടീവുകൾ ട്രാക്കിലിറക്കാനുള്ള സർക്കാർ തീരുമാനം എ ബി ബിയുടെ നില കൂടുതൽ ശക്തമാക്കുന്നുണ്ടെന്ന് കമ്പനി മാനേജിങ് ഡയറക്ടർ സഞ്ജീവ് ശർമ അറിയിച്ചു. ട്രാക്ഷൻ, ട്രാക്ഷൻ ഇതര മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ ഇന്ത്യൻ റയിൽവേ സ്വീകരിച്ചുവരുന്നുണ്ട്. ഒപ്പം വൈദ്യുത ലോക്കോമോട്ടീവുകളിലും ഇലക്ട്രിക്കൽ മൾട്ട്പ്ൾ യൂണിറ്റുകളിലും ഊർജക്ഷമതയേറിയ ത്രീ ഫേസ് സാങ്കേതികവിദ്യയും വ്യാപകമാവുകയാണെന്നു ശർമ വിലയിരുത്തി.
മലിനികരണ വിമുക്ത ഊർജ സ്രോതസ്, വൈദ്യുതവൽക്കരണം, സുരക്ഷ, വേഗം, ദൃഢത തുടങ്ങി ഇന്ത്യൻ റയിൽവേ സ്വീകരിക്കുന്ന പുതിയ മുൻഗണനാക്രമങ്ങൾ കൈവരിക്കുന്നതിൽ എ ബി ബി സാങ്കേതികവിദ്യ മികച്ച പിന്തുണയാണു നൽകി വരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.