പ്രകടനക്ഷമതയേറിയ ബൈക്കായ കെ ടി എം ‘ഡ്യൂക്ക് 390’ ഇനി ഇന്ത്യയിലും വെള്ള നിറത്തിൽ വിൽപ്പനയ്ക്കെത്തുന്നു. വിദേശ വിപണികളിൽ ഏറെ നാളായി ലഭ്യമാവുന്ന വെള്ള ‘ഡ്യൂക്ക് 390’ ഇപ്പോഴാണ് കെ ടി എം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതോടെ ഇലക്ട്രിക് ഓറഞ്ചിനു പുറമെ മറ്റൊരു നിറത്തിൽ കൂടി ‘ഡ്യൂക്ക് 390’ ഇന്ത്യയിൽ ലഭിക്കുമെന്നതാണു പുതുമ.
വെള്ള നിറമുള്ള ‘ഡ്യൂക്ക് 390’ ഡൽഹി ഷോറൂമിൽ 2.38 ലക്ഷം രൂപയ്ക്കു തന്നെയാണു വിൽപ്പനയ്ക്കെത്തുക; ഓറഞ്ച് നിറത്തിലുള്ള ബൈക്കിനും ഇതേ വിലയാണ്. കഴിഞ്ഞ ണ്ടു മാസത്തിനിടെ കെ ടി എം ‘ഡ്യൂക്ക് 390’ വില നാലു തവണ വർധിപ്പിച്ചിരുന്നു. ഇതോടെ ‘2018 ഡ്യൂക്ക് 390’ സ്വന്തമാക്കാൻ മുൻമോഡലിനെ അപേക്ഷിച്ച് പതിനായിരത്തിലേറെ രൂപ അധികം നൽകേണ്ട സ്ഥിതിയാണ്.
നിറത്തിനപ്പുറം സാങ്കേതിക വിഭാഗത്തിലും ചില്ലറ മാറ്റങ്ങളോടെയാണ് ‘2018 ഡ്യൂക്ക് 390’ എത്തുന്നതെന്നാണു സൂചന. എൻജിന്റെ ഐഡ്ലിങ് ആർ പി എം വർധിപ്പിച്ചതിനൊപ്പം ഇൻസ്ട്രമെന്റേഷന്റെ സോഫ്റ്റ്വെയർ പരിഷ്കരിക്കാനും കെ ടി എം തയാറായിട്ടുണ്ട്. പഴയ മോഡലിൽ 1,200 — 1,600 ആയിരുന്ന ഐഡ്ലിങ് ആർ പി എം പരിധി പുതിയ ബൈക്കിൽ 1,200 — 1,800 ആർ പി എം ആയാണു പരിഷ്കരിച്ചിരിക്കുന്നത്. ചൂടേറിയ വായു കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ റേഡിയേറ്റർ ഷ്റൗഡിന്റെ രൂപകൽപ്പനയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
ബൈക്കിനു കരുത്തേകുന്നത് 373 സി സി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്. 9,000 ആർ പി എമ്മിൽ 43.5 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക; പരമാവധി ടോർക്കാവട്ടെ 7,000 ആർ പി എമ്മിൽ പിറക്കുന്ന 37 എൻ എമ്മാണ്. മികച്ച സുരക്ഷയ്ക്കായി റേഡിയൽ രീതിയിൽ ബോൾട്ടിട്ട നാലു പിസ്റ്റൻ കാലിപർ സഹിതമുള്ള 320 എം എം മുൻ ഡിസ്ക് ബ്രേക്കും സിംഗിൾ പിസ്റ്റൻ ഫ്ളോട്ടിങ് കാലിപറോടെയുള്ള 230 പിൻ ഡിസ്കുമാണു ബൈക്കിലുള്ളത്. ബോഷിന്റെ ഇരട്ട ചാനൽ എ ബി എസും ബൈക്കിലുണ്ട്.