‘അഡ്വഞ്ചർ’ ശ്രേണിയിലെ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെ ടി എം ഒരുങ്ങുന്നു. ‘390 അഡ്വഞ്ചർ’ അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു കെ ടി എം നൽകുന്ന സൂചന. നിലവിൽ സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽപെട്ട ‘ഡ്യൂക്ക്’, സൂപ്പർ സ്പോർട് ഗണത്തിലെ ‘ആർ സി’ ബൈക്കുകളാണു കെ ടി എം ഇന്ത്യയിൽ വിൽക്കുന്നത്.
ബജാജ് ഓട്ടോ ലിമിറ്റഡിന് നിർണായക ഓഹരി പങ്കാളിത്തമുള്ള കെ ടി എമ്മിന് ഇന്ത്യയിൽ വിപുലമായ വിപണന ശൃംഖലയും നിലവിലുണ്ട്. രാജ്യത്തെ 320 പട്ടണങ്ങളിലെ നാനൂറ്റി മുപ്പതോളം ഷോറൂമുകൾ വഴിയാണു കെ ടി എം വിൽപ്പന. തിരഞ്ഞെടുത്ത വ്യക്തികൾക്കുള്ള വേറിട്ട ബ്രാൻഡാണു കെ ടി എമ്മെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ്(പ്രോ ബൈക്കിങ്) അമിത് നന്ദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ റോഡുകൾക്ക് ഏറെ യോജിച്ച പ്രീമിയം ഡ്യുവൽ സ്പോർട് വിഭാഗത്തിലേക്കാണ് ‘390 അഡ്വഞ്ചറി’ലൂടെ കമ്പനി പ്രവേശിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രാൻഡിന്റെ റാലി റേസിങ് ചരിത്രത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു കെ ടി എം ‘390 അഡ്വഞ്ചർ’ സാക്ഷാത്കരിച്ചത്. മോട്ടോർ സൈക്കിൾ യാത്രികർക്ക് ഏതു ദൂരവും ഏതു പ്രതലവും കീഴടക്കാമെന്ന ആത്മവിശ്വാസം വാഗ്ദാനം ചെയ്ത ‘1290 സൂപ്പർ അഡ്വഞ്ചറാ’യിരുന്നു ഈ ശ്രേണിക്ക് അടിത്തറയിട്ടത്. 1290 സൂപ്പർ അഡ്വഞ്ചറിന്റെ രൂപഭംഗി തന്നെയാകും 390 അഡ്വഞ്ചറിനും.