Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തുന്നു കെടിഎം ഡ്യൂക്ക് 250

duke-390 Duke 390, Representative Image

ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎം ഡ്യൂക്കിന്റെ 250 സിസി ബൈക്കുമായി എത്തുന്നു. ഫെബ്രുവരി 23 ന് പുതിയ 250 സിസി ബൈക്ക് പുറത്തിറങ്ങുമെന്നാണ് സൂചന. പുതിയ രൂപത്തിലുള്ള ഡ്യൂക്ക് 200, ഡ്യൂക്ക് 390 എന്നിവ പുറത്തിറക്കുമ്പോൾ തന്നെയായിരിക്കും പുതിയ 250 സിസി ബൈക്കും പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കമ്പനി 250 സിസി ബൈക്ക് പുറത്തിറക്കുന്നു എന്ന വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര വിപണിയിൽ ഡ്യുക്ക് 250 നുള്ള എൻജിൻ തന്നെയാകും ഇന്ത്യയിലെത്തുക. 250 സിസി കപ്പാസിറ്റിയുള്ള എൻജിന് 9000 ആർപിഎമ്മിൽ 31 ബിഎച്ച്പി കരുത്തും 7250 ആർപിഎമ്മിൽ 24 എൻഎം ടോർക്കുമുണ്ട്.

കഴിഞ്ഞ വർഷം അവസാനം മിലാനിൽ നടന്ന രാജ്യാന്തര ടൂ വീലർ ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച പുതിയ ഡ്യൂക്ക് മോഡലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്യൂക്ക് 390, സൂപ്പർ ഡ്യൂക്ക് 1290, സൂപ്പർ ഡ്യൂക്ക് 790 തുടങ്ങിയ മോ‍ഡലുകളാണ് മിലാനിൽ പ്രദർശിപ്പിച്ചത്. നിലവിലെ ഡ്യൂക്ക് 390 യുടെ നിർമാണം കമ്പനി അവസാനിപ്പിച്ചെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. പഴയതിൽ നിന്നും തികച്ചും വ്യത്യസ്ത രൂപവുമായി എത്തുന്ന പുതിയ 390 മോഡലിനു 2-2.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ദ കോർണർ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന് കമ്പനി നൽകിയിരിക്കുന്ന പേര്. കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റർ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവൽ ടാങ്കുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇ‍ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ. സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡർ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റായിരിക്കും. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ സാങ്കേതിക വിദ്യ, വിറയൽ കുറയ്ക്കാനായി ബാലൻസർ ഷാഫ്റ്റ് തുടങ്ങിയവയും പുതിയ ഡ്യൂക്കിലുണ്ടാകും.