ഡ്രൈവർ ആവശ്യമില്ലാതെ സ്വയം ഓടുന്ന കാറുകളുടെ യുഗമാണെന്ന് ഇനി വരാൻ പോകുന്ന വാഹന നിർമാതാക്കൾ നല്ലതുപോലെ അറിയാം. അതുകൊണ്ടു തന്നെ ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പണിപ്പുരയിലാണ് ലോകപ്രശസ്ത വാഹന നിർമാതാക്കളെല്ലാം. ഗൂഗിൾ ഉൾപ്പെടെയുള്ളവർ വൻ പരീക്ഷണങ്ങളുമായി മുന്നേറുമ്പോൾ എല്ലാവരെയും അദ്ഭുതപ്പെടുത്തി ജനറൽ മോട്ടോഴ്സ്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാൻ തങ്ങൾ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങൾക്ക് നൂറിൽ നൂറു മാർക്കും ലഭിച്ചിരിക്കുന്നുവെന്നാണ് ജനറൽ മോട്ടോഴ്സിന്റെ അവകാശവാദം. പുതിയ തലമുറയിൽപ്പെട്ട വാഹനവിപണിയിലേക്ക് ഫുൾ ഓട്ടോമേഷൻ ടെക്നോളജിയുമായാണ് ജനറൽ മോട്ടോഴ്സ് എത്തുന്നത്.
പുതിയ ക്രൂസ് എവി വിഭാഗത്തിൽപ്പെട്ട ഷെവർലെ ബോൾട്ട് ഇവി എന്ന ഇലക്ട്രിക് കാർ തനിയേ നീങ്ങിക്കൊള്ളും. എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പിൽ രേഖപ്പെടുത്തിയാൽ മതി. എത്രവേഗത്തിൽ പോകണമെന്നും എത്രസമയം കൊണ്ട് എത്തണമെന്നും അറിയിച്ചാൽ കൃത്യമായി വാഹനം അപകടമേതും കൂടാതെ ലക്ഷ്യസ്ഥാനത്ത് വാഹനത്തിലുള്ളവരെ എത്തിക്കും. ഇത്തരത്തിൽ ലോകത്തിൽ ആദ്യത്തെ പ്രൊഡക്ഷൻ വാഹനങ്ങളാണ് ജനറൽ മോട്ടോഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സുരക്ഷ മാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഴ്സിനു ജിഎം കത്തു നൽകി. അടുത്ത വർഷം വാഹനം വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് ജിഎം പ്രതീക്ഷിക്കുന്നത്.
സാൻഫ്രാൻസിസ്കോയിലെയും ഫീനിക്സിലെയും തിരക്കേറിയ നഗരത്തിൽ ഈ ഓട്ടോമേഷൻ കാറിന്റെ മാസങ്ങൾ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് ജനറൽ മോട്ടോഴ്സ് ഇതു വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ തയാറാണെന്ന് അറിയിച്ചത്.
ലേസർ സെൻസർ, ക്യാമറ, റഡാർ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാപ്പിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം.