അഞ്ചു വർഷത്തിനകം മോഡൽ ശ്രേണി സമ്പൂർണമായി വൈദ്യുതവൽക്കരിക്കാൻ ഫോക്സ്്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. 2022നകം സമ്പൂർണ വൈദ്യുത ശ്രേണിക്കായി കനത്ത നിക്ഷേപത്തിനും സ്റ്റുട്ഗർട് ആസ്ഥാനമായ പോർഷെ തയാറെടുക്കുന്നുണ്ട്.
വരുന്ന അഞ്ചു വർഷകാലത്തിനിടെ സങ്കര ഇന്ധന മോഡലുകളും ബാറ്ററിയിൽ ഓടുന്ന മോഡലുകളും വികസിപ്പിക്കാനായി 750 കോടി ഡോളർ (ഏകദേശം 48,185.63 കോടി രൂപ) ചെലവഴിക്കാനാണു പോർഷെയുടെ പദ്ധതി. മുമ്പ് നിശ്ചയിച്ചതിനെ അപേക്ഷിച്ച് ഈ മേഖലയിൽ ഇരട്ടിയോളം പണം ചെലവഴിക്കുമെന്നാണു പോർഷെയും പ്രഖ്യാപനം. അധികമായി അനുവദിച്ചതിൽ 50 കോടി യൂറോ (3978.56 കോടിയോളം രൂപ) നീക്കിവച്ചിരിക്കുന്നത് അടുത്ത വർഷം അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വൈദ്യുത വാഹനമായ ‘മിഷൻ ഇ’ക്കു വേണ്ടിയാണ്.
600 ബി എച്ച് പി കരുത്തും 500 കിലോമീറ്റർ സഞ്ചാരപരിധിയുമായാവും ‘മിഷൻ ഇ’ എത്തുകയെന്നാണു പോർഷെയുടെ അവകാശവാദം. ഇതോടെ യു എസ് ആസ്ഥാനമായ ടെസ്ലയുടെ മോഡലുകളോടു കാര്യക്ഷമമായി മത്സരിക്കാൻ ‘മിഷൻ ഇ’ക്കു കഴിയുമെന്നും കമ്പനി കരുതുന്നു.
നിലവിലുള്ള മോഡലുകളുടെ സങ്കര ഇന്ധന, വൈദ്യുത പതിപ്പുകളുടെ വികസനത്തിന് 100 കോടി യൂറോ (ഏകദേശം 7957.12 കോടി രൂപ)യാണു പോർഷെ നീക്കിവയ്ക്കുന്നത്. ഇതോടൊപ്പം അതിവേഗ ചാർജിങ് കേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിക്കാൻ 70 കോടി യൂറോ (ഏകദേശം 5569.98 കോടി രൂപ)യും പോർഷെ നീക്കിവയ്ക്കുന്നുണ്ട്. വൈദ്യുത മേഖലയിലെ പ്രവർത്തനം ഊർജിതമാക്കുമ്പോഴും പരമ്പരാഗത രീതിയിലുള്ള ആന്തരിക ജ്വലന എൻജിനുകളെ പൂർണമായും ഉപേക്ഷിക്കാൻ പോർഷെയ്ക്കു പരിപാടിയില്ല എന്നതും ശ്രദ്ധേയമാണ്. 2015ൽ മാതൃസ്ഥാപനമായ ഫോക്സ്വാഗൻ യു എസിൽ ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയത് യൂറോപ്യൻ രാജ്യങ്ങളിൽ പോർഷെയുടെ ഡീസൽ സാങ്കേതികവിദ്യയയെും സംശയ നിഴലിലാക്കിയിരുന്നു.