27 വർഷമായി പൂട്ടികിടന്ന വീടിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ കാറുകൾ

പഴയകെട്ടിടങ്ങൾ പൊളിക്കുന്നവർക്ക് പലപ്പോഴും നിധി കിട്ടിയതായി നാം കേട്ടിട്ടുണ്ട്. ഇതാ നോർത്ത് കരോലിനയിലെ ഒരു വീട് പൊളിക്കാനെത്തിയവർക്ക് അക്ഷരാര്‍ഥത്തിൽ‌ നിധി കിട്ടിയിരിക്കുന്നു. ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായ 1966 മോഡൽ 275 ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങിയ മോഡലുകളാണ് കഴിഞ്ഞ 27 വർഷമായി മനുഷ്യ സ്പർശമേൽക്കാത്ത നിലയിൽ ലഭിച്ചത്.

2.8 ദശലക്ഷം പൗണ്ടാണ് ഇതിൽ രണ്ട് മോഡലുകൾക്ക് നിലവിലെ അവസ്ഥയിൽത്തന്നെ വില പ്രതീക്ഷിക്കുന്നതെന്ന് ഹഗേർടി എന്ന ക്ളാസിക് കാര്‍ ഇന്‍ഷുറൻസ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പൽ അധികൃതർ പൊളിക്കാനിരുന്ന പഴയ വീടിനുള്ളിൽനിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഹാഗേർടിയുടെ യുട്യൂബ് ചാനലിൽ ടോം കോട്ടെർ അവതരിപ്പിക്കുന്ന ബാർണ്‍ ഫൈൻഡ് ഹണ്ടർ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

കോബ്രയും ഫെറാരിയ്ക്കും മാത്രമല്ല മോർഗൻ, ട്രയംഫ് ടിആർ6 കാറുകളും ഈ ഗ്യാരേജിൽനിന്നും ലഭിച്ചു. കോബ്രയ്ക്ക് ഇപ്പോഴും ചലിക്കാനാവുന്നുണ്ടെന്നും എന്നാൽ മറ്റ് മൂന്നുകാറുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ലാത്തതിനാൽ വാഹനം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനൊരുങ്ങുകയാണ് അധികൃതർ. ഏതായാലും ചാനലി‍ൽ സംപ്രേഷണം ചെയ്ത വിവരമറിഞ്ഞ് കാറിന്റെ ഉടമസ്ഥൻ എത്തി. മോർഗൻ, ട്രയംഫ്  കാറുകള്‍ കൈവശം സൂക്ഷിക്കാൻ ആഗ്രഹമറിയിച്ച അയാൾ, ഫെറാരിയും ഷെൽബിയും ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ്.