ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോൺവിൽ’ ബൈക്ക് ലേലത്തിനെത്തുന്നു. കാരൾ നാഷ് എം സി എൻ ലണ്ടൻ മോട്ടോർ സൈക്കിൾ ഷോയിലെ കോയ്സ് ഓക്ഷനിലാവും പിറ്റിന്റെ ഉടമസ്ഥതയിലായിരുന്ന 2009 മോഡൽ ‘ട്രയംഫ് ബോൺവിൽ ബഡ് എറ്റ്കിൻസ് ഡസർട് സ്ക്രാംബ്ലർ സ്പെഷൽ’ വിൽപ്പനയ്ക്കെത്തുക. സ്റ്റണ്ട്താരം ബഡ് എറ്റ്കിൻസിനോടുള്ള ആദരസൂചകമായി ഐതിഹാസിക മാനങ്ങളുള്ള ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് പുറത്തിറക്കിയ മൂന്നു പ്രത്യേക പതിപ്പുകളിൽ ഒന്നാണ് ഇത്. 2008ൽ അന്തരിച്ച എറ്റ്കിൻസിന്റെ ജീവിതം ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബൈക്കുകളുടെ നിർമാതാവ് ബ്രാഡ് ഹോൾസ്റ്റീൻ ആണ്.
മോട്ടോർ സൈക്കിൾ സ്റ്റണ്ടുകളുടെ പേരിൽ ഹോളിവുഡ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ ചിത്രം ‘ദ് ഗ്രേറ്റ് എസ്കേപ്പി’ൽ നായകൻ സ്റ്റീവ് മക്വീന്റെ ഡ്യൂപ്പായിരുന്നത് എറ്റ്കിൻസ് ആയിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന മക്ക്വീനും എറ്റ്കിൻസും 1960 കാലഘട്ടത്തിൽ ഒരുമിച്ചു ബൈക്കോട്ട മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ട്രയംഫ് മോട്ടോർ സൈക്കിളുകളിൽ ഇന്റർനാഷനൽ സിക്സ് ഡേയ്സ് ട്രയൽ(ഐ എസ് ഡി ടി) മത്സരങ്ങൾ ഏഴുവട്ടം പൂർത്തിയാക്കിയ എറ്റ്കിൻസ് നാലു സ്വർണവും ഒരു വെള്ളിയുമടക്കം അഞ്ചു മെഡലുകളും വാരിക്കൂട്ടി.
ഇന്ധനടാങ്കിന്റെ മൂടിയിൽ ജന്മദിനാശംസകൾ ആലേഖനം ചെയ്ത ബൈക്ക് ‘ഓഷ്യൻസ് ഇലവൻ’ നിർമാതാവ് ജെറി വെയ്ൻട്രോബാണ് ബ്രാഡ് പിറ്റിന് സമ്മാനിച്ചത്. ലേലത്തിൽ 20,000 മുതൽ 30,000 പൗണ്ട് (ഏകദേശം 1.80 ലക്ഷം രൂപ മുതൽ 2.70 ലക്ഷം രൂപ വരെ) നേടാൻ ബൈക്കിനു കഴിയുമെന്നാണു പ്രതീക്ഷ. യഥാർഥ റജിസ്ട്രേഷൻ പ്ലേറ്റ് സഹിതമെത്തുന്ന ബൈക്ക് പ്രവർത്തനക്ഷമമാണെന്നും ലേലത്തിന്റെ സംഘാടകർ വെളിപ്പെടുത്തുന്നു.