ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ വെല്ലും ആഡംബര ട്രാവലര്‍

Pinnacle Finetza

ബെന്‍സില്‍ നിന്ന് കടമെടുത്ത രൂപവുമായി ഫോഴ്‌സ് ട്രാവലര്‍ ഇന്ത്യയില്‍ അവതരിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും വാഹനത്തിന്റെ ജനപ്രീതിക്ക് കോട്ടങ്ങളൊന്നും തട്ടിയിട്ടില്ല. ആംബുലന്‍സ്, സ്‌കൂള്‍ ബസ്, ടൂര്‍ ബസ്, ക്യാരവാന്‍ തുടങ്ങി വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ട്രാവലറിനെ നമുക്ക് ഇന്ന് നിരത്തുകളില്‍ കാണാം. ഇവയ്‌ക്കൊന്നുമില്ലാത്ത പ്രത്യേകതയുമായിട്ടാണ് ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ ട്രാവലറെത്തിയത്.

അത്യാഡംബര ഹോട്ടല്‍ മുറികളില്‍ മാത്രം കാണുന്ന സൗകര്യങ്ങളുമായി ഈ ട്രാവലറിനെ മോഡിഫൈ ചെയ്തത് പിനാക്കിള്‍ വെഹിക്കിള്‍സ് എന്ന കമ്പനിയാണ്. ഫിന്‍ഷെ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവല്‍ ഓട്ടോ എക്‌സ്‌പോയിലെ കോമേഴ്‌സ്യല്‍ വിഭാഗത്തിലെ താരമായിരുന്നു. പരമാവധി ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ മോട്ടോര്‍ഹോമില്‍ നാലുപേര്‍ക്ക് വരെ കിടക്കാനുള്ള കട്ടിലുകളുണ്ട്.

Pinnacle Finetza

രണ്ട് മുറികളാണ് വാഹനത്തിലുള്ളത്. പിന്നോട്ട് വികസിപ്പിക്കാവുന്ന തരത്തിലാണ് ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. 6857 എംഎമ്മാണ് വാഹനത്തിന്റെ നീളമെങ്കിലും 1620 എംഎം വികസിപ്പിച്ച് നീളം 8447 എംഎം ആക്കാനും സാധിക്കും.

Pinnacle Finetza

മുന്നിലെ ലോഞ്ചില്‍ അഞ്ച് പേര്‍ക്കു വരെ ഇരുന്ന് സഞ്ചരിക്കാവുന്ന സോഫയുണ്ട്. ക്യൂന്‍ സൈസ് കിടക്കയാക്കി മാറ്റാന്‍ സാധിക്കുന്ന സോഫകളാണിത്. കൂടാതെ കോഫി ടേബിള്‍, എല്‍ഇഡി സ്‌ക്രീന്‍, ചെറിയ ഫ്രിഡ്ജ് എന്നിവയുമുണ്ട്. സണ്‍ റൂഫോടു കൂടിയതാണ് കിടപ്പുമുറി. കിടക്കയാക്കി മാറ്റാവുന്ന സോഫയാണ് ഇവിടെയും. എഇഡി ടിവി, പ്രത്യേക എസി തുടങ്ങിയ സൗകര്യങ്ങളും കിടപ്പുമുറിയിലുണ്ട്‍.

Pinnacle Finetza

അത്യാവശ്യ സൗകര്യങ്ങേളോടു കൂടിയ ടോയിലറ്റും വാഹനത്തിന്റെ പ്രത്യേകതയാണ്. 3.2 ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിന് 2800 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി കരുത്തുണ്ട്. 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് വില.