Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം മോ‍ഡിഫൈ ചെയ്താൽ പണി ഉറപ്പ്: കേരള പൊലീസ്

kerala-police-troll Image Source-Kerala Police Facebook Page

വാഹനങ്ങളുടെ രൂപമാറ്റം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പു നൽകിയത്. റോഡപകടങ്ങളില്‍, രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ലെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാൻഡിൽ, സൈലന്‍സര്‍, ടയർ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. 

വാഹനനിർമാണ കമ്പനികൾ രൂപകൽപന നൽകി അംഗീകൃത ടെസ്റ്റിംഗ് ഏജൻസിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിൽ രൂപമാറ്റം അനുവദനീയമല്ല. എന്നാൽ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുൻകൂർ അനുമതി നേടിയ ശേഷം നിയമാനുസൃതമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ, ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകൾ, എയർഹോണുകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് സഹയാത്രികരുടേയും ജീവനു ഭീഷണിയാണ്. ആയതിനാല്‍ നിയമപ്രകാരമല്ലാതേയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കരുതെന്നാണ് പൊലീസ് അറിയിക്കുന്നത്

വാഹനത്തിൽ വരുത്താവുന്ന മോഡിഫിക്കേഷനുകൾ

സൗന്ദര്യം കൂട്ടാനെന്ന പേരിൽ അവശ്യ വാഹന ഭാഗങ്ങൾ ഒഴിവാക്കാനാവില്ല. അംഗീകൃത ഫിറ്റിങ്സ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നിയമവിധേയമായ മോഡിഫിക്കേഷനുകൾ എന്തൊക്കെ മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച് വാഹന മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾ നിയപ്രകാരം ശിഷാർഹമാണ്.  ഇതിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ വരെ ആർടിഒയ്ക്കു സാധിക്കും.

നിറം

റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആർടിഓ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാൽ നിറമാറ്റാൻ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താൻ സാധിക്കുന്ന മോഡിഫിക്കേഷൻ.

ഫോഗ് ലാമ്പുകള്‍

രാത്രി സഞ്ചരിക്കണമെങ്കിൽ ഫോഗ് ലാമ്പുകൾ വേണം എന്ന അവസ്ഥയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മാത്രമേ ഇത്തരത്തിലുള്ള ലൈറ്റുകൾ ഘടിപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹൈൽലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും സാധിക്കില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദിനീയമല്ല. 

മറ്റു മാറ്റങ്ങൾ

റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോ‍ഡിഫിക്കേഷനുകളൊന്നും പാടില്ല. ബൈക്കുകളിൽ പിൻസീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാർഡ്, ക്രാഷ് ഗാർഡ് എന്നിവ ഒഴിവാക്കാൻ അനുവദിക്കില്ല. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ ആദ്യതവണ 1000 രൂപയും തുടർന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.