ഗുജറാത്തിലെ ജാംനഗറിലുള്ള വ്യോമസേനാ താവളത്തിൽനിന്ന് അവനി ചതുർവേദിയെയും കൊണ്ട് ആ മിഗ് 21 ബൈസൻ പറന്നുയർന്നതു ചരിത്രത്തിലേക്ക്. വ്യോമസേനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഒറ്റയ്ക്ക് യുദ്ധവിമാനം പറത്തുന്നത്. മധ്യപ്രദേശുകാരിയായ അവനിക്ക് 24 വയസ്സാണു പ്രായം. 19നായിരുന്നു പറക്കൽ. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്.
അവനിയെപ്പോലെ ഭാവനയും മോഹനയും യുദ്ധവിമാനം പറത്തും. വ്യോമസേനയിൽ പൈലറ്റാകാൻ വനിതകൾക്കായി വാതിൽ തുറന്നിട്ടത് 2015 ഒക്ടോബറിലാണ്. ചരിത്രനേട്ടത്തിൽ അഭിനന്ദനവുമായി പ്രമുഖർ സമൂഹമാധ്യമങ്ങളിലെത്തിയതോടെ അവനി താരമായി.
മിഗ്-21
മിഖായോൻ ഗുരേവിച്ച് 21 എന്ന മിഗ്-21 സൂപ്പർസോണിക് വിമാനം ഇന്ത്യയുടെ പ്രധാന പോർ വിമാനങ്ങളിലൊന്നാണ്. റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇതില്‍ 113 എണ്ണം 2017 ല്‍ വിരമിക്കും ബാക്കി 132 എണ്ണം 2022 ലും. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും, 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്ക് വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.