ഒറ്റപ്പാലം ∙ നഗരസഭാ സ്റ്റാൻഡിൽ കുട്ടികളെ പൊരിവെയിലത്തു വരിനിർത്തിയെന്ന് ആരോപിക്കപ്പെട്ട ‘ശ്രീകൃഷ്ണ’ ബസ് പിടിച്ചെടുത്തു. വിദ്യാർഥികളോടു വിവേചനം കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളും തുടങ്ങി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. തുടർനടപടികൾ ആർടിഎ ബോർഡിനു ശുപാർശ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത ബസ് കസ്റ്റഡിയിൽ നിർത്താൻ പൊലീസിനു കൈമാറി.
സൂര്യാഘാത ഭീഷണിയോളം ഉയർന്ന ചൂടിലും, മറ്റു യാത്രക്കാർക്കൊപ്പം ബസിൽ കയറാൻ അനുവദിക്കാതെ കുട്ടികളെ പൊരിവെയിലത്തു നിർത്തുന്ന ക്രൂരത ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റപ്പാലം-തിരുവില്വാമല റൂട്ടിൽ സർവീസ് നടത്തുന്ന ബസാണു ജില്ലാ കലക്ടറുടെയും ആർടിഒയുടെയും നിർദേശപ്രകാരം ഒറ്റപ്പാലം ജോയിന്റ് ആർടിഒ അനൂപ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
ഈ ബസിനു പുറത്തു വിദ്യാർഥികളെ വെയിലത്തു നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെ 9.45നു ബസ് ഒറ്റപ്പാലം സ്റ്റാൻഡിലെത്തിയപ്പോഴാണു പിടിച്ചെടുക്കൽ നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. രമേഷ്, കെ.എസ്. സമീഷ്, എഎംവിഐമാരായ എം. മുഹമ്മദ് റഫീഖ്, കെ. ധനേഷ്, ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജോയിന്റ് ആർടിഒ പരിധിയിലെ അഞ്ചു ബസ് സ്റ്റാൻഡുകളിലും ഇന്നലെ പകൽ മുഴുവൻ പരിശോധനകൾ നടന്നു.
∙ വിദ്യാർഥികളോടു വിവേചനമായി പെരുമാറുന്ന നടപടികൾ ബസുകളുടെ ഭാഗത്തു നിന്നുണ്ടായാൽ പരാതി അറിയിക്കാൻ ഒറ്റപ്പാലം ജോയിന്റ് ആർടിഒയുടെ പരിധിയിൽ സംവിധാനമേർപ്പെടുത്തി. ബസിന്റെ റജിസ്ട്രേഷൻ നമ്പർ, പേര്, സർവീസ് സമയം, കഴിയുമെങ്കിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരുവിവരങ്ങൾ എന്നിവ സഹിതം 8547639190 എന്ന നമ്പറിലേക്ക് പകൽ 9.30 മുതൽ ആറു വരെ വിളിച്ച് അറിയിക്കുകയോ kl51@keralamvd.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ വേണം.
കൺസഷൻ നിരക്കിന്റെ പേരിൽ വിദ്യാർഥികളോടു വിവേചനം കാണിക്കുന്നതു നിയമവിരുദ്ധമാണെന്നും ഇതു വിദ്യാർഥികളുടെ അവകാശമാണെന്നും മോട്ടോർ വാഹന വകുപ്പു വ്യക്തമാക്കി. കൺസഷൻ നിരക്കു നൽകുന്നവരാണെന്ന പേരിലാണു സ്റ്റാൻഡുകളിൽ നിർത്തിയിടുന്ന സ്വകാര്യ ബസുകൾ മറ്റുയാത്രക്കാരെ കയറ്റി പുറപ്പെടുന്നതുവരെ കുട്ടികളെ പുറത്തു വരിനിർത്തുന്നത്. ബസ് മുന്നോട്ടെടുക്കുന്ന സമയം കൊണ്ടു കയറിക്കൂടാൻ കഴിയുന്ന കുറച്ചുപേരെ മാത്രം കയറ്റി വേഗത്തിൽ സ്റ്റാൻഡ് വിട്ടുപോകലാണു വിവേചനത്തിന്റെ മറ്റൊരു രീതി.
ചില ബസുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും ഇരിക്കാൻ അനുവദിക്കാത്ത വിവേചനവും കൺസഷൻ നിരക്കിനെ ചൊല്ലിയുളള അധിക്ഷേപങ്ങളും കുട്ടികൾ അനുഭവിക്കുന്നുണ്ട്. യാത്രക്കാർ ബസുകളിൽ നേരിടുന്ന പ്രയാസങ്ങൾ പരാതിയായി അറിയിക്കാൻ നിർദേശിച്ച്, ഒറ്റപ്പാലം ജോയിന്റ് ആർടിഒയുടെ പരിധിയിലുള്ള അഞ്ചു സ്റ്റാൻഡുകളിൽ ബോർഡുകൾ സ്ഥാപിക്കും. ആദ്യത്തെ ബോർഡ് ഒറ്റപ്പാലം സ്റ്റാൻഡിൽ നിലവിൽ വന്നു.