ഡീസലിനോട് ‘ഗുഡ്ബൈ’ പറയാനൊരുങ്ങി ടൊയോട്ടയും

യൂറോപ്പിൽ ഡീസൽ കാർ വിൽപ്പന അവസാനിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി). യാത്രാവാഹന വിഭാഗത്തിൽ ഇക്കൊല്ലം തന്നെ യൂറോപ്പിൽ നിന്നു ഡീസൽ കാറുകൾ ഒഴിവാക്കുമെന്നു ടൊയോട്ട മോട്ടോർ യൂറോപ്പ് പ്രസിഡന്റ് ജൊഹാൻ വാൻ സിൽ അറിയിച്ചു. കാറുകൾക്കായി പുതിയ ഡീസൽ എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കില്ല. പകരം സങ്കര ഇന്ധന മോഡലുകളിലാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ 2015 സെപ്റ്റംബറിൽ യു എസിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയതോടെയാണ് ആഗോളതലത്തിൽ തന്നെ ഡീസലിന് കഷ്ടകാലം ആരംഭിച്ചത്. നൈട്രജൻ ഓക്സൈഡുകളുടെയും ഹാനികാരകമായ പർട്ടിക്കുലേറ്റ് വസ്തുക്കളുടെയും ആധിക്യത്താൻ പരിസ്ഥിതിയെ മലിനമാക്കുന്നു എന്നതായിരുന്നു ഡീസലിനുള്ള പഴി. പ്രതിഷേധം ശക്തമായതോടെ ഭരണകൂടങ്ങളുമായുള്ള രഹസ്യധാരണയിൽ ഡീസലിനെ പ്രോത്സാഹിപ്പിച്ചു പോന്ന വാഹന നിർമാതാക്കളും പ്രതിസന്ധിയിലായി. 

യൂറോപ്പിലാവട്ടെ പാരിസ് പോലുള്ള പ്രധാന നഗരങ്ങൾ ഡീസൽ നിരോധനത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. രാജ്യത്തെ നഗരങ്ങൾക്ക് ഡീസൽ വാഹനങ്ങൾ വിലക്കാൻ അവസരമൊരുക്കി ജർമൻ കോടതി വിധിയും പ്രഖ്യാപിച്ചിരുന്നു. ഡീസലിന്റെ വിപണിയിടിഞ്ഞതോടെ വിവിധ വാഹന നിർമാതാക്കൾ വിപണന സാധ്യതയേറിയ പെട്രോൾ മോഡലുകളിലേക്കു ശ്രദ്ധ തിരിച്ചു; പലരും വൈദ്യുത, സങ്കര ഇന്ധന മോഡലുകളുടെ വികസനം ഊർജിതമാക്കി.

കഴിഞ്ഞ വർഷം ടൊയോട്ടയുടെ യൂറോപ്പിലെ വാഹന വിൽപ്പനയുടെ 15 ശതമാനത്തോളം ഡീസൽ മോഡലുകളിൽ നിന്നായിരുന്നു. 2012ലാവട്ടെ ഡീസൽ മോഡലുകളുടെ വിഹിതം 30% ആയിരുന്നു. ഇതേ കാലയളവിനിടെ സങ്കര ഇന്ധന മോഡലുകളുടെ വിൽപ്പന ഗണ്യമായി ഉയരുകയും ചെയ്തു.