പ്രീമിയം എസ്‌യുവി സെഗ്‍മെന്റിൽ ജീപ്പ് കോംപസിന് കനത്ത വെല്ലുവിളി ഉയർത്താൻ സി–എച്ച്ആറുമായി എത്തുമോ ടൊയോട്ട? ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്ന സി–എച്ച്ആറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതുമുതൽ ആവേശത്തിലാണ് ടൊയോട്ട ആരാധകർ. കാഴ്ച്ചയിലും കരുത്തിലും ഫീച്ചറുകളിലും ജീപ്പ് കോംപസിന്റെ ഉത്തമ എതിരാളിയാണ് സി–എച്ച്ആർ. പുതിയ വാഹനത്തിന്റെ വിപണി പ്രവേശനത്തെപ്പറ്റി ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കൊറോള പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ വാഹനമായ സി–എച്ച്ആർ 2020 ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്രകാരമാണ് എസ്‌യുവി നിർമിക്കുന്നത്. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് സി–എച്ച്ആർ. ജപ്പാൻ, യൂറോപ്പ് വിപണികളിൽ 2017 മുതല്‍ സി–എച്ച്ആർ വിൽപ്പനയ്ക്കുണ്ട്. അമേരിക്ക, ആഫ്രിക്ക, എഷ്യ-പസഫിക് തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ ഈ വർഷം മുതലാണ് വിൽപ്പന ആരംഭിച്ചത്. കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരാണ് സി–എച്ച്ആർ. സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്. രൂപഭംഗിക്കും ഫീച്ചറുകൾക്കും മുൻതൂക്കം നൽകിയാണ് ഡിസൈൻ ആവിഷ്കരിച്ചിട്ടുള്ളത്.
യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ,1.8 ലീറ്റർ ഹൈബ്രിഡ് , 2 ലീറ്റർ എന്നീ എൻജിനുകളാണ് സി–എച്ച്ആറിന്റെ രാജ്യാന്തര മോഡലുകൾക്കുള്ളത്. ഇന്ത്യയിലെത്തുമ്പോൾ 122 ബിഎച്ച്പി കരുത്തുള്ള 1.8 ലീറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ലഭിക്കുക. 15 ലക്ഷം രൂപ മുതലായിരിക്കും ടൊയോട്ട സി–എച്ച്ആറിന്റെ വില.