പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന(സി ബി യു) വാഹനങ്ങൾക്കുള്ള ചുങ്കം കുറയ്ക്കുകയും കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ കിറ്റു(സി കെ ഡി)കൾക്കുള്ളത് അഞ്ചു ശതമാനം വർധിപ്പിക്കുകയും ചെയ്തത് ഐതിഹാസിക മാനങ്ങളുള്ള ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായട്രയംഫ് മോട്ടോർസൈക്കിൾസിനു തിരിച്ചടിയായി. കമ്പനി ഇന്ത്യയിൽ വിൽക്കുന്ന മിക്കവാറും മോഡലുകൾ പ്രാദേശികമായി അസംബ്ൾ ചെയ്യുകയാണ്.‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ട്രയംഫിന്റെ ഈ നടപടി.
പ്രാദേശിക അസംബ്ലിങ്ങിനുള്ള സി കെ ഡി കിറ്റുകളുടെ നികുതി ഉയർന്നതോടെ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വില ഈ 19 മുതൽ പ്രാബല്യത്തോടെ വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണു ട്രയംഫ്. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘സ്ട്രീറ്റ് ട്വിന്നി’ന് 40,000 രൂപയാണ് ഉയരുക. ‘ത്രക്സ്റ്റൻ 1200 ആറി’ന്റെ വിലയിലാവട്ടെ 62,000 രൂപയുടെ വർധനയാണു നിലവിൽ വരുന്നത്. അടുത്തയിടെ വിപണിയിലെത്തിയ ‘സ്പീഡ് മാസ്റ്ററി’നു ചുങ്കത്തിലെ വർധന കൂടി ഉൾപ്പെടുത്തിയാണു ട്രയംഫ് വില നിശ്ചയിച്ചത്; 11.12 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ വില.
ഇറക്കുമതി ചുങ്കത്തിൽ വന്ന മാറ്റങ്ങളെ തുടർന്ന് വിദേശ നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡും ഹാർലി ഡേവിഡ്സനും ഇന്ത്യനുമൊക്കെ വില കുറച്ച സാഹചര്യത്തിലാണ് ട്രയംഫിന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകളുടെ ചുങ്കം കുറച്ചത് മികച്ച തീരുമാനമാണെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിനോദ് സുംബ്ലി അഭിപ്രായപ്പെട്ടു. എന്നാൽ പ്രാദേശിക അസംബ്ലിങ്ങിനായി ഇറക്കുമതി ചെയ്യുന്ന സി കെ ഡി കിറ്റുകൾക്ക് നികുതി ഉയർത്തിയതും സൗജന്യ വ്യാപാര കരാർ(എഫ് ടി എ) വ്യവസ്ഥകളിൽ മാറ്റം വരുത്താതും പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.