വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സൂപ്പർഹിറ്റായി മുന്നേറിയ കാറാണ് പുതിയ സ്വിഫ്റ്റ്. വിപണിയിലെത്തിയ നാൾ മുതൽ വിൽപ്പനകണക്കുകളിൽ മുന്നിൽ. മൂന്നു മാസത്തിനുള്ളിൽ ഏകദേശം മൂന്നു ലക്ഷം ബുക്കിങ്ങുകളാണ് സ്വിഫ്റ്റിന് ലഭിച്ചത്. എബിഎസും മുൻ എയർബാഗുകളും അടിസ്ഥാന വകഭേദങ്ങളിൽ തുടങ്ങിയുള്ള സ്വിഫ്റ്റിന് ക്രാഷ് ടെസ്റ്റിൽ മൂന്ന് സ്റ്റാർ ലഭിച്ചിരിക്കുന്നു. യൂറോപ്യൻ എൻസിഎപി(ന്യുകാർ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മൂന്ന് സ്റ്റാർ സുരക്ഷ സ്വിഫ്റ്റിന് ലഭിച്ചത്. യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് ക്രാഷ ്ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു.
മുൻ സീറ്റുകളിലെ ആളുകൾക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികൾക്ക് 75 ശതമാനം സുരക്ഷയും നൽകുമെന്ന് യുറോ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ കണ്ടെത്തിയത്. നാലു സ്റ്റാർ ലഭിച്ച സെയ്ഫ്റ്റി പായ്ക്കോടു കൂടിയ സ്വിഫ്റ്റ് മുതിർന്നവർക്ക് 88 ശതമാനം സുരക്ഷയും കുട്ടികൾക്ക് 75 ശതമാനം സുരക്ഷയും നൽകുന്നുണ്ട്.
ഫെബ്രുവരി ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
ഇരു എൻജിൻ വകഭേദങ്ങളിലും എഎംടി ഗിയർബോക്സും ലഭ്യമാണ്. പെട്രോൾ എൻജിനുള്ള ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’, ഡീസൽ എൻജിനുള്ള ‘വി ഡി ഐ’, ‘സെഡ് ഡി ഐ’ വകഭേദങ്ങളാണ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സൗകര്യത്തോടെ ലഭിക്കുക. പുതിയ സ്വിഫ്റ്റിന് രണ്ടു പുതിയ നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്: പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്നൈറ്റ് ബ്ലൂവും. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.