ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡിന്റെ ആന്ധ്രയിലെ ബസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. സംസ്ഥാന മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു പുതിയ ശാലയുടെ ശിലാസ്ഥാപന ചടങ്ങ്. പുതിയ ശാല തദ്ദേശവാസികൾക്ക് അയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നായിഡു പ്രതീക്ഷ പ്രകടിപ്പിച്ചു. അശോക് ലേയ്‌ലൻഡിന്റെ മൂന്നാമത്തെ ബസ് നിർമാണശാലയാണ് 340 കോടിയോളം രൂപ ചെലവിൽ ആന്ധ്രയിൽ സ്ഥാപിതമാവുന്നത്; രണ്ടു ഘട്ടമായുള്ള വികസനം പൂർത്തിയാവുന്നതോടെ പ്രതിവർഷം 9,600 ബസ്സുകളാവും ഈ ശാലയിൽ നിന്നു പുറത്തെത്തുകയെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വിനോദ് കെ ദാസരി അറിയിച്ചു.
വിജയവാഡയിൽ നിന്ന് 40 കിലോമീറ്ററകലെ, കൃഷ്ണ ജില്ലയിലെ മല്ലവല്ലി വ്യവസായ മേഖലയിലാണ് അശോക് ലേയ്‌ലൻഡ് പുതിയ ബസ് നിർമാണശാല സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാർ റോഡ് സൗകര്യം ലഭ്യമാക്കിയ ശേഷം ആറു മാസത്തിനകം ശാല വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം.
ആഗോള ബസ് നിർമാതാക്കളിൽ നാലാം സ്ഥാനത്തുള്ള അശോക് ലേയ്‌ലൻഡിന്റെ സമ്പൂർണ ശ്രേണി തന്നെ കൃഷ്ണ ശാലയിൽ നിർമിക്കാനാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടാതെ വൈദ്യുത വാഹന വികസന കേന്ദ്രവും ഈ ശാലയ്ക്കൊപ്പം സജ്ജീകരിക്കുന്നുണ്ട്. ഭാവിയുടെ വാഗ്ദാനമാവുന്ന കൺവെയർ ലൈൻ, പൈലറ്റ് അസംബ്ലി ലൈൻ, പ്രോട്ടോടൈപ് ഡവലപ്മെന്റ് സൗകര്യം തുടങ്ങിയവയൊക്കെ ഈ ശാലയുടെ സവിശേഷതയാണെന്നു ദാസരി വെളിപ്പെടുത്തി. തികച്ചും പരിസ്ഥിതി സൗഹൃദമായ ശാലയിൽ മേൽക്കൂരയിൽ സൗരോർജ പാനലുകളും എൽ ഇ ഡി ലൈറ്റിങ്ങും പ്ലാന്റിനുള്ളിലെ യാത്രകൾക്കായി ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുമൊക്കെ കമ്പനി സജ്ജീകരിക്കും. മഴവെള്ള സംഭരണത്തിലൂടെ ശാലയ്ക്ക് ആവശ്യമുള്ളതിലേറെ ജലം കണ്ടെത്തുമെന്നാണ് അശോക് ലേയ്ലൻഡിന്റെ അവകാശവാദം; ഒപ്പം ശാലയുടെ പ്രവർത്തനം മലിനജലം സൃഷ്ടിക്കില്ലെന്നും ദാസരി വ്യക്തമാക്കുന്നു.