Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണോറിൽ അശോക് ലേയ്‌ലൻഡ് ഇ വി നിർമാണശാല

ashok-leyland

ഏഴു ദശാബ്ദത്തെ പ്രവർത്തനം പൂർത്തിയാക്കിയ എണ്ണോർ ശാലയിൽ അശോക് ലേയ്‌ലൻഡ് പുതിയ വൈദ്യുത വാഹന നിർമാണസൗകര്യം ആരംഭിക്കുന്നു. വൈദ്യുത വാഹന രൂപകൽപ്പനയ്ക്കും മാതൃക നിർമാണത്തിനും പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും പ്രോസസ് പ്രോട്ടോടൈപ്പിങ് — ഡിസൈൻ സൊല്യൂഷൻ തുടങ്ങിയവയ്ക്കൊക്കെ സൗകര്യമുള്ള രാജ്യത്ത ആദ്യ സംയോജിത ശാലയാണിതെന്നും ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ് അവകാശപ്പെട്ടു.

പവർ ഇലക്ട്രോണിക്സ് ലാബിനു പുറമെ വൈദ്യുത വാഹന മോട്ടോർ, ബാറ്ററി മൊഡ്യൂൾ, പായ്ക്കുകൾ തുടങ്ങിയവയുടെ വിപുല പരിശോധനയ്ക്കുള്ള സൗകര്യവും ചെന്നൈയ്ക്കടുത്ത് എണ്ണോറിലെ ഈ നിർമാണശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണോർ ശാല 70—ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഭാവിക്കുള്ള ശിലാസ്ഥാപനമാണു കമ്പനി നടത്തുന്നതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. ഇ മൊബിലിറ്റി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എണ്ണോറിൽ തുറന്ന ഇ വി സെന്റർ വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

വൈദ്യുത വാഹന വിഭാഗത്തിൽ പുതിയ പ്ലാറ്റ്ഫോമുകൾ യാഥാർഥ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ദാസരി വ്യക്തമാക്കി. ഇ എൽ സി വി, ലോ ഫ്ളോർ സിറ്റി ബസ്, അവസാന മൈൽ കണക്ടിവിറ്റി, പവർ സൊല്യൂഷൻ ഉൽപന്നങ്ങൾ തുടങ്ങിയവയൊക്കെ വികസിപ്പിക്കാനാണു പദ്ധതി. ഇ മൊബിലിറ്റിയെ സേവനം(ഇ എം എ എ എസ്) നിലയിലും സൊല്യൂഷൻ (ഇ എം എസ് ഒ എൽ) എന്ന വിധത്തിലും അവതരിപ്പിക്കുന്ന ബിസിനസ് മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നു ദാസരി വെളിപ്പെടുത്തി.