പുതിയ നിറത്തിൽ ഇഗ്നിസും ബലേനൊയും

Ignis & Baleno

പ്രീമിയം ഡീലർഷിപ് ശൃംഖലയായ ‘നെക്സ’ വഴി വിൽക്കുന്ന രണ്ടു മോഡലുകളിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതുവർണങ്ങൾ അവതരിപ്പിച്ചു. എൻട്രി ലവൽ മോഡലായ ‘ഇഗ്നിസി’നും  പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുമാണു പുതുവർണങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നത്. ‘നെക്സ ബ്ലൂ’ എന്നാണ് ഇരുകാറുകളുടെയും പുതുവർണത്തെ മാരുതി സുസുക്കി വിളിക്കുന്നത്. ഇതോടെ ‘ഇഗ്നിസി’ന്റെയും ‘ബലേനൊ’യുടെയും ‘അർബൻ ബ്ലൂ’ എന്ന നിറം കമ്പനി പിൻവലിച്ചിട്ടുമുണ്ട്.

‘എസ് ക്രോസി’ലൂടെയായിരുന്നു ‘നെക്സ ബ്ലൂ’ നിറത്തിന്റെ അരങ്ങേറ്റം. ‘ഇഗ്നിസി’ലും ‘ബലേനൊ’യിലും ‘അർബൻ ബ്ലൂ’ നിറം ‘നെക്സ ബ്ലൂ’വിനു വഴി മാറിയതിനു പ്രത്യേക കാരണമൊന്നും മാരുതി സുസുക്കി നൽകിയിട്ടില്ല. എങ്കിലും ‘നെക്സ’ ശൃംഖല വഴിയുള്ള കാറുകളുടെ നിറക്കൂട്ട് ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരുതി ഈ മാറ്റം നടപ്പാക്കിയതെന്നു വേണം കരുതാൻ. ‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തുന്ന ‘സിയാസി’ലും ഈ നിറം ലഭ്യമാണ്.

നിറത്തിലെ മാറ്റത്തിനപ്പുറമുള്ള പുതുമകളൊന്നും ‘ഇഗ്നിസി’നും ‘ബലേനൊ’യ്ക്കും അവകാശപ്പെടാനില്ല. പുതിയ നിറത്തിലുള്ള കാറുകൾ ഡീലർഷിപ്പുകളിലേക്ക് മാരുതി സുസുക്കി അയച്ചു തുടങ്ങിയിട്ടുമുണ്ട്.ഇതോടെ ‘ഇഗ്നിസ്’ ഇപ്പോൾ ആറു നിറങ്ങളിലാണു ലഭിക്കുക: ടിൻസൽ ബ്ലൂ, ഗ്ലിസ്റ്റിങ് ഗ്രേ, പേൾ ആർടിക് വൈറ്റ്, സിൽക്കി സിൽവർ, അപ്ടൗൺ റെഡ് പിന്നെ നെക്സ് ബ്ലൂവും. റൂഫ് റാപ്, വ്യത്യസ്ത വർണമുള്ള ബോഡി പാർട്സ് തുടങ്ങി ഉടമയുടെ അഭിരുചിക്കൊത്ത് ‘ഇഗ്നിസി’നെ അണിയിച്ചൊരുക്കാനുള്ള അവസരവും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്.

‘ബലേനൊ’യാവട്ടെ നെക്സ ബ്ലൂവിനു പുറമെ ആറു നിറങ്ങളിൽ കൂടി വിപണിയിലുണ്ട്: ഗ്രാനൈറ്റ് ഗ്രേ, പേൾ ആർടിക് വൈറ്റ്, റേ ബ്ലൂ, ഓട്ടം ഓറഞ്ച്, പ്രീമിയം സിൽവർ, ഫയർ റെഡ്. ‘ഇഗ്നിസി’നു കരുത്തേകുന്നത് 1.2 ലീറ്റർ പെട്രോൾ എൻജിനാണ്. 82 ബി എച്ച് പി വരെ കരുത്തും 113 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. കൂടാതെ 1.3 ലീറ്റർ ഡീസൽ എൻജിനോടെയും ‘ഇഗ്നിസ്’ ലഭ്യമാണ്; 74 ബി എച്് പി കരുത്തും 190 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇരു എൻജിനുകൾക്കും കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളുമുണ്ട്.  ‘ബലേനൊ’യ്ക്കു കരുത്തേകുന്നതും ഇതേ എൻജിനുകളാണ്; പക്ഷേ ട്രാൻസ്മിഷൻ വിഭാഗത്തിൽ സി വി ടി ഓട്ടമാറ്റിക് സാധ്യത കൂടി ലഭ്യമാണെന്നതാണു മാറ്റം.