പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന നാലു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2015 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’ മൂന്നു വർഷത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാർ വിൽപ്പനയ്ക്കൊപ്പം മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ് ശൃംഖലയായ ‘നെക്സ’യുടെ വിപുലീകരണത്തിനും ‘ബലേനൊ’ വഴി തെളിച്ചു. ‘നെക്സ’ വഴി മാത്രമാണു ‘ബലേനൊ’ വിൽപ്പനയ്ക്കെത്തുന്നത്.
നിരത്തിലെത്തിയ ശേഷമുള്ള ആദ്യ ആറു മാസക്കാലത്തിനിടെ 44,697 യൂണിറ്റ് വിൽപ്പനയാണു ‘ബലേനൊ’ കൈവരിച്ചത്; അക്കാലത്തു ‘നെക്സ’ ഡീലർഷിപ്പുകളുടെ എണ്ണമാവട്ടെ നൂറിനടുത്തുമായിരുന്നു. 2016 — 17 ആയതോടെ ‘ബലേനൊ’ വിൽപ്പന 1,20,804 യൂണിറ്റായി ഉയർന്നു. 2017 — 18ൽ മാരുതി സുസുക്കി വിറ്റത് 1,90,480 ‘ബലേനൊ’ ആണ്; മുൻ വർഷത്തെ അപേക്ഷിച്ച് 58% വർധന. നടപ്പു സാമ്പത്തിക വർഷം ആദ്യ രണ്ടു മാസത്തിനിടെ തന്നെ 39,810 യൂണിറ്റ് വിൽപ്പന കൈവരിച്ചു തകർപ്പൻ പ്രകടനമാണു ‘ബലേനൊ’ നടത്തുന്നത്. പോരെങ്കിൽ ‘നെക്സ’ ഡീലർഷിപ് ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 300 കടക്കുകയും ചെയ്തു.
പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ സമഗ്ര ആധിപത്രം പുലർത്തുന്നതിനൊപ്പം ‘നെക്സ’ ശൃംഖലയിൽ ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന മോഡലും ‘ബലേനൊ’ തന്നെ. വിൽപ്പന കണക്കെടുപ്പിൽ എതിരാളിയായ ഹ്യുണ്ടേയ് ‘ഐ 20’ ബഹുദൂരം പിന്നിലാണ്. പോരെങ്കിൽ ദീർഘകാലമായി രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ആദ്യ 10 മോഡലുകൾക്കൊപ്പമാണു ‘ബലേനൊ’യുടെ സ്ഥാനം.
നിരത്തിലെത്തി മൂന്നു വർഷത്തോടടുക്കുമ്പോഴും ‘ബലേനൊ’യിൽ മാറ്റമൊന്നും മാരുതി സുസുക്കി വരുത്തിയിട്ടില്ല. എന്നാൽ അടുത്ത വർഷത്തോടെ പരിഷ്കരിച്ച ‘ബലേനൊ’ എത്തുമെന്നാണു സൂചന. പുതിയ മോഡൽ അവതരണങ്ങളൊന്നും ഈ വിഭാഗത്തിൽ പ്രതീക്ഷിക്കാനില്ലാത്തതിനാൽ വരുംനാളുകളിലും ‘ബലേനൊ’യ്ക്കു കാര്യമായ വെല്ലുവിളി ഉയരാനിടയില്ല.