പ്രതിരോധ സേനയ്ക്ക് വാഹനങ്ങൾ ലഭ്യമാക്കാൻ 100 കോടി രൂപയുടെ കരാർ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡ് നേടി. സ്മെർച് റോക്കറ്റുകൾ കൊണ്ടുപോകാനായി സഞ്ചാര സാധ്യതയേറിയ 10 ബൈ 10 വാഹന(എച്ച് എം വി ടെൻ ബൈ ടെൻ) ആണ് അശോക് ലേയ്ലൻഡൻ കരസേനയ്ക്കു നൽകുക.
റോക്കറ്റ് കൊണ്ടു പോകാനുള്ള 10 ബൈ 10 എച്ച് എം വിക്കായി കരസേന ദീർഘകാലമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് അശോക് ലേയ്ലൻഡിനു നറുക്കു വീണത്. ആദ്യ ഘട്ടമെന്ന നിലയിലാണ് 100 കോടി രൂപയുടെ ഓർഡർ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു കമ്പനിക്കു ലഭിച്ചതെന്നും അശോക് ലേയ്ൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.
കഴിഞ്ഞ വർഷം കമ്പനി പങ്കെടുത്ത 15 ടെൻഡറിൽ 12 എണ്ണവും നേടാൻ കഴിഞ്ഞതായി അശോക് ലേയ്ലൻഡ് ഡിഫൻസ് വിഭാഗം മേധാവി അമൻദീപ് സിങ് അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ പുതിയ കരാറും കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായക വിജയമാണ്. മിസൈൽ കാരിയർ, മിസൈൽ ലോഞ്ചർ, മൊഡുലാർ ബ്രിജ് തുടങ്ങി മറ്റു വിഭാഗങ്ങളിലും പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഈ കരാർ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
പ്രതിരോധ മേഖലയിലെ സഞ്ചാര വിഭാഗത്തിൽ കമ്പനിക്കുള്ള മേധാവിത്തത്തിനു കൂടി തെളിവാണ് ഈ കരാറെന്നും സിങ് അഭിപ്രായപ്പെട്ടു. രാജ്യനന്മയ്ക്കായി പ്രതിരോധ സേനകളുടെ പങ്കാളിയാവാൻ അശോക് ലേയ്ലൻഡ് തുടർന്നും തീവ്രശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.