എക്സ്പ്രസ്‌വേയിലൂടെ ഇനി 120 കി.മീ വേഗത്തിൽ പറക്കാം

രാജ്യത്തെ എക്സ്പ്രസ് വേകളിൽ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ദേശീയ പാതകളിലെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്. ദേശീയ പാതകളിൽ ഇരുചക്രവാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. ചുരുക്കത്തിൽ എക്സ്പ്രസ് വേകളിലെയും ദേശീയ പാത നിലവാരമുള്ള നിരത്തുകളിലെയും അനുവദനീയമായ പരമാവധി വേഗത്തിൽ മണിക്കൂറിൽ 20 കിലോമീറ്ററിന്റെ വർധനയാണു നടപ്പാവുന്നത്.

ടാക്സി വാഹനങ്ങൾക്ക് ഇനി എക്സ്പ്രസ്വേകളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ ഓടാം; മുമ്പ് ഇത് 80 കിലോമീറ്ററായിരുന്നു. ദേശീയപാതയിലെ പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 90 കിലോമീറ്ററാണ്; മുമ്പത്തെ 80 കിലോമീറ്ററിനെ അപേക്ഷിച്ച് 10 കിലോമീറ്റർ അധികം. നഗരങ്ങളിൽ ടാക്സികളുടെ പരമാവധി വേഗം മറ്റു കാറുകൾക്കു തുല്യമാണ്: മണിക്കൂറിൽ 70 കിലോമീറ്റർ.

അതേസമയം നഗരപരിധിയിൽ ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. നേരത്തെ 40 കിലോമീറ്റർ ആയിരുന്ന സ്ഥാനത്താണിത്.എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലുമൊക്കെ പ്രത്യേക മേഖലകളിൽ മാത്രമാണു പരമാവധി വേഗം കൈവരിക്കാൻ വാഹനങ്ങൾക്ക്് അനുമതി. മുംബൈ — പുണെ എക്സ്പ്രസ് വേയിലെ പോലെ വളവും തിരിവുമുള്ള ഭാഗങ്ങളിലും അപകട മേഖലകളിലും നിലവിലുള്ള വേഗ നിയന്ത്രണം തുടരും.  ഇതിന പുറമെ വിവിധ ദേശീയ പാതകളിലെ ജനവാസ മേഖലകളിലും പട്ടണങ്ങളിലുമൊക്കെ അതതു സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ പ്രഖ്യാപിച്ചിട്ടുണള്ള വേഗനിയന്ത്രണങ്ങളും മാറ്റമില്ലാതെ തുടരും.