പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു പൊതുജനത്തിന് ലഭിക്കുന്നത് ധാർഷ്‍ട്യം നിറഞ്ഞ പെരുമാറ്റമാണ്. പൊലീസിൽ നിന്നായാലും മോട്ടോർവാഹന വകുപ്പിൽ നിന്നായാലും എടാ പോടാ എന്നൊക്കെയാവും അഭിസംബോധന. പൊതുജന സേവകരുടെ ഇത്തരം പെരുമാറ്റദൂഷ്യങ്ങൾ പലപ്പോഴും ജനം സഹിക്കാറാണു പതിവ്.
പൊതുജനത്തോടു മാന്യമായി പെറുമാറണമെന്നു നിയമമുണ്ടെങ്കിലും എത്ര പറഞ്ഞാലും ഇക്കൂട്ടർ അനുസരിക്കാറില്ല. പെരുമാറ്റച്ചട്ടത്തിനും ഡിജിപിയുടെ സർക്കുലറിനും മേലധികാരികളുടെ നിർദേശങ്ങൾക്കും ഇവർ നൽകുന്നത് പുല്ലുവിലയാണ്.
തന്നോടു ധാർഷ്ട്യത്തോടെ പെരുമാറിയ ഒരു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ സംസാരത്തിന്റെ വിഡിയോ പുറത്തുവിട്ടത് പറവൂർ സ്വദേശിയായ യുവാവാണ്. വാഹനം റജിസ്റ്റർ ചെയ്യാൻ എത്തിയ തന്നോട് മോശമായി പെരുമാറിയത് പറവൂർ ജോയിന്റ് ആർടിഒ ആണെന്നാണ് യുവാവ് പറയുന്നത്. ഏജന്റ് ഇല്ലാതെ സ്വന്തമായി ടെസ്റ്റിങ് സ്ഥലത്തു പോയതുകൊണ്ടാകാം തന്നോട് ഉദ്യോഗസ്ഥൻ ഇങ്ങനെ പെരുമാറിയതെന്നും യുവാവ് പറയുന്നു.