സ്വിഫ്റ്റ്, ബലേനൊ; തകരാർ സൗജന്യമായി പരിഹരിച്ചു നൽകും

Swift Vs Baleno

കഴിഞ്ഞ ഡിസംബർ മുതലുള്ള നാലു മാസത്തിനിടെ നിർമിച്ച കാറുകളിൽ ബ്രേക്ക് തകരാറിനുള്ള സാധ്യത മുൻനിർത്തി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രാജ്യവ്യാപകമായി വാഹന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. പ്രധാനമായും ‘ബലേനൊ’, ‘സ്വിഫ്റ്റ്’ കാറുകളിലെ ബ്രേക്ക് വാക്വം ഹോസ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള ക്യാംപ് സംബന്ധിച്ച പ്രഖ്യാപനം പ്രീമിയം കാർ ഷോറൂം ശൃംഖലയായ ‘നെക്സ’യുടെ വെബ്സൈറ്റിലാണു കമ്പനി പ്രസിദ്ധീകരിച്ചത്.പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമസ്ഥരെ അടുത്ത തിങ്കളാഴ്ച മുതൽ നേരിട്ടു വിവരം അറിയിക്കുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. ‘നെക്സ’ വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് സന്ദർശിച്ചു ഷാസി നമ്പർ പൂരിപ്പിച്ചു നൽകിയാലും പരിശോധന ആവശ്യമുള്ള വാഹനങ്ങൾ തിരിച്ചറിയാൻ അവസരമുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനും 2018 മാർച്ച് 16നുമിടയ്ക്കു നിർമിച്ച ‘ബലേനൊ’, ‘സ്വിഫ്റ്റ്’ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക; ഇക്കാലയളവിനിടെ ഇരു മോഡലിലുമായി മൊത്തം 52,686 കാറുകൾ നിർമിച്ചു വിറ്റെന്നാണു മാരുതി സുസുക്കിയുടെ കണക്ക്.
പരിശോധനയിൽ തകരാർ കണ്ടെത്തുന്ന പക്ഷം ബ്രേക്ക് വാക്വം ഹോസ് സൗജന്യമായി മാറ്റി നൽകുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. ബ്രേക്ക് ബൂസ്റ്റർ സംവിധാനത്തിന്റെ ഭാഗമായാണു ബ്രേക്ക് വാക്വം ഹോസ് ഘടിപ്പിച്ചിരിക്കുന്നത്; വാഹനം വേഗം നിർത്താൻ സഹായിക്കുംവിധം ബ്രേക്കിങ് ശക്തി വർധിപ്പിക്കാനുള്ള പ്രധാന ഘടകവുമാണിത്.

ഹോസ് തകരാർ മൂലം ബ്രേക്കിങ് ശേഷി പൂർണമായും നഷ്ടമാവില്ലെന്നു കമ്പനി വ്യക്തമാക്കുന്നു; എന്നാൽ കാര്യക്ഷമതയിൽ നേരിയ കുറവു വരുമെന്ന പ്രശ്നമുണ്ട്. ഗുജറാത്തിൽ സുസുക്കി മോട്ടോർ കോർപറേഷൻ സ്ഥാപിച്ച ശാലയിൽ നിന്നാണു നിലവിൽ പുത്തൻ ‘സ്വിഫ്റ്റ്’ നിരത്തിലെത്തുന്നത്; പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ ഉൽപ്പാദനവും ഭാഗികമായി ഹൻസാൽപൂരിലെ ഈ ശാലയ്ക്കു കൈമാറിയിട്ടുണ്ട്. എന്നാൽ ഇവിടെ നിർമിച്ച കാറുകൾക്കു മാത്രമാണോ പരിശോധന ബാധകമാവുകയെന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.