യാത്രാവാഹന വിഭാഗത്തിലെ നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അടുത്ത മൂന്നു വർഷത്തിനകം ആറു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയ്ക്കു പദ്ധതി. കോംപാക്ട് സെഡാനായ പുത്തൻ ‘അമെയ്സി’ന്റെ അരങ്ങേറ്റത്തോടെ ഇന്ത്യയിൽ ഇക്കൊല്ലത്തെ പുതിയ മോഡൽ അവതരണങ്ങൾക്കും തുടക്കമായെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗാകു നകാനിഷി അറിയിച്ചു. ഇതടക്കം മൂന്നു പുതിയ മോഡലുകളാണു കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. അടുത്ത മൂന്നു വർഷത്തിനിടെ മൂന്നു പുതിയ മോഡലുകൾ കൂടി ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ‘സി ആർ — വി’യും സെഡാനായ ‘സിവിക്കും’ ഇന്ത്യയിൽ അവതരിപ്പിക്കാനാണു ഹോണ്ടയുടെ പദ്ധതി. അതേസമയം കോംപാക്ട് എസ് യു വിടയക്കമുള്ള വിഭാഗങ്ങളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കുമെന്നു മാത്രമായിരുന്നു മറ്റു പുതിയ മോഡലുകളെക്കുറിച്ച് നകാനിഷിയുടെ പ്രതികരണം.
ഇന്ത്യയിലെ വാഹന വിപണിയിൽ മികച്ച വിപണന സാധ്യതയാണുള്ളതെന്നും നകാനിഷി അഭിപ്രായപ്പെട്ടു. മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യയിലെ വാർഷിക വിൽപ്പന 50 ലക്ഷം യൂണിറ്റിലെത്തുന്ന കാലം വിദൂരമല്ല. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ഇന്ത്യയിലെ അടിത്തറ വിപുലീകരിക്കാനാണു ഹോണ്ടയുടെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. വിൽപ്പനയിലെ ഇടിവ് ചെറുക്കാനാവും കമ്പനിയുടെ ഇക്കൊല്ലത്തെ ശ്രമം. മുൻവർഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട വിൽപ്പന ഇക്കൊല്ലം കൈവരിക്കാനാവുമെന്നും ഹോണ്ട കാഴ്സ് മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 1,70,026 യൂണിറ്റായിരുന്നു ഹോണ്ടയുടെ വിൽപ്പന; 2016 — 17ലെ വിൽപ്പനയായ 1,57,313 യൂണിറ്റിനെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം അധികമാണിത്. എന്നിട്ടും രാജ്യത്തെ വാഹന നിർമാതാക്കളുടെ പട്ടികയിൽ ആദ്യ അഞ്ചിലെ ഇടം നിലനിർത്താൻ ഹോണ്ടയ്ക്കു കഴിയുന്നില്ല.